പട്ന: ബീഹാറിലെ കൻവാർ തിർഥാടകർ സഞ്ചരിച്ച വാഹനം വൈദ്യുതി തൂണിലിടിച്ച് അപകടം. ഒമ്പത് തീർത്ഥാടകർ വൈദ്യുതാഘാതമേറ്റ് മരിച്ചു. ആറ് പേർക്ക് പരുക്കേറ്റു.
ഞായറാഴ്ച രാത്രി വൈശാലി ജില്ലയിലെ ഹാജിപുർ മേഖലയിലാണ് അപകടം. ഇവരെ ഹാജിപുരിലെ സദാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. വാഹനം ഹൈ ടെൻഷൻ ലൈനിൽ തട്ടിയാണ് വൈദ്യുതാഘാതമേറ്റത്.
ജെതുയി നിസാമത്ത് ഗ്രാമത്തിൽ നിന്നുള്ള ഭക്തർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. സോൻപുർ പഹ്‌ലേജഘട്ടിൽ നിന്ന് മടങ്ങുന്നവഴി തീർത്ഥാടകർ സഞ്ചരിച്ച വാഹനം വൈദ്യുത തൂണിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാവടി യാത്രികരാണ് അപകടത്തിൽപ്പെട്ടത്. ഹിന്ദു തീർത്ഥാടകർ ഉത്തരാഖണ്ഡിലെ ഋഷികേശിലും ഹരിദ്വാറിലുമെത്തി ഗംഗാജലം ശേഖരിച്ച് തിരിച്ചെത്തി ക്ഷേത്രങ്ങളിലെ ശിവ വിഗ്രഹങ്ങൾ അഭിഷേകം നടത്തുന്നതാണ് ആചാരം.