ന്യൂയോർക്ക്: ഇന്ത്യയിൽ അദാനി നടത്തിയ കൊള്ള ദേശീയവാദം ഉയർത്തി മറച്ചുവെക്കാനാവില്ലെന്ന് ഹിൻഡൻബർഗ് റിസർച്ച്. അദാനി വസ്‌തുതാപരമായ ചോദ്യങ്ങൾ വഴിതിരിച്ചുവിടാനാണ് ശ്രമിക്കുന്നതെന്നും ആരോപിച്ചു. തനിക്കെതിരായ റിപ്പോർട്ട് ഇന്ത്യക്കെതിരായ ആക്രമണമാണെന്നും ഹിൻഡൻബർഗിന്റെ ആരോപണങ്ങൾ പച്ചക്കള്ളമാണെന്നുമുള്ള അദാനിയുടെ മറുപടിയിൽ പ്രതികരിക്കുകയായിരുന്നു ഹിൻഡൻബർഗ് റിസർച്ച്.
അദാനി ഇന്ത്യയുടെ പുരോഗതി തടസപ്പെടുത്തുന്നു. ലോകത്തെ ഏറ്റവും വലിയ കോടീശ്വരൻമാരിൽ ഒരാളാണ് ചെയ്യുന്നതെങ്കിൽ പോലും ‘തട്ടിപ്പ് തട്ടിപ്പ് തന്നെയാണ്. അദാനി വിദേശത്തെ സംശയകരമായ ഇടപാടുകളെപ്പറ്റി മറുപടി പറഞ്ഞിട്ടില്ല. അദാനിയുടെ 413 പേജുള്ള കുറിപ്പിൽ ഞങ്ങളുടെ റിപ്പോർട്ടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മറുപടികളുള്ളത് 30 പേജിൽ മാത്രമാണ്. 330 പേജുള്ള കോടതി രേഖകളും, 53 പേജുകളിൽ സാമ്പത്തിക, പൊതു വിവരങ്ങളും സ്ത്രീ സംരഭകത്വത്തെത്തെയും സുരക്ഷിതമായ പച്ചക്കറി ഉത്പാദനത്തെയും പ്രോത്സാഹിപ്പിക്കുന്നതെങ്ങനെ തുടങ്ങിയ അപ്രസക്തമായ കോർപ്പറേറ്റ് സംരഭങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളാണ് ബാക്കിയുള്ള പ്രതികരണത്തിൽ ഉള്ളതെന്നും ഹിൻഡൻബർഗ് റിസർച്ച് മറുപടിക്കുറിപ്പിൽ പറഞ്ഞു.