Timely news thodupuzha

logo

വയനാട് സൺറൈസ് വാലിയിൽ പ്രത്യേക തെരച്ചിൽ; മരിച്ചവരുടെ എണ്ണം 402 ആയി

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ എട്ടാം നാളായ ചൊവ്വാഴ്ചയും തുടരും. ഇന്ന് പ്രധാനപ്പെട്ട ഒരു ആക്ഷൻ പ്ലാൻ നടപ്പാക്കാൻ തീരുമാനിച്ചതായി റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു.

സൂചിപാറയിലെ സൺറൈസ് വാലി കേന്ദ്രീകരിച്ചുകൊണ്ട് തെരച്ചിൽ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ചാലിയാറിൻറെ ഇരു കരകളിലും സമഗ്രമായി തെരച്ചിൽ നടത്തിയെങ്കിലും ഒരു ചെറിയ ഭാഗത്തേക്കു മാത്രം ആളുകൾക്ക് എത്തിപ്പെടാൻ കഴിയാത്ത സാഹചര്യമുണ്ട്. അവിടെയാണ് ഇന്ന് തെരച്ചിൽ നടത്തുക.

പരിശീലനം നേടിയ രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാല് എസ്.ഒ.ജിയും ആറ് ആർമി സൈനികരും അടങ്ങുന്ന 12 പേരുടെ സംഘം എസ്.കെ.എം.ജെ ഗ്രൗണ്ടിൽ നിന്ന് എയർ ലിഫ്റ്റിങ്ങിലൂടെ സ്പോട്ടിൽ എത്തിച്ചേർന്ന ശേഷം സൺറൈസ് വാലിയോട് ചേർന്ന് കിടക്കുന്ന ഇരു കരകളിലും തെരച്ചിൽ നടത്തും.

അവിടെ നിന്നും മൃതശരീരങ്ങൾ കൊണ്ട് വരേണ്ടത് ഉണ്ടെങ്കിൽ ഇതിനായും പ്രത്യേക ഹെലികോപ്റ്റർ സജ്ജമാക്കുമെന്നും മന്ത്രി അറിയിച്ചു. ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായ വയനാട്ടിൽ സൈന്യം തീരുമാനിക്കും വരെ തെരച്ചിൽ തുടരണമെന്ന് മന്ത്രിസഭാ ഉപസമിതി നേരത്തെ തീരുമാനിച്ചിരുന്നു. അതേസമയം, ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 402 ആയി.

Leave a Comment

Your email address will not be published. Required fields are marked *