തിരുവനന്തപുരം: ജനറല്‍ ആശുപത്രിയില്‍ മുതുകിലെ ശസ്ത്രക്രിയക്കിടെ ശരീരത്തിൽ കയ്യുറ തുന്നിചേർത്തതായി പരാതി. നെടുമങ്ങാട് സ്വദേശിയായ ഷിനുവിനാണ് ദുരനുഭവം നേരിട്ടത്.
എന്നാല്‍ ഇത് പിഴവല്ലെന്നും പഴുപ്പും രക്തവും കളയാനുള്ള ഗ്ലൗ ഡ്രെയ്ന്‍ സിസ്റ്റം ആണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അത് ഇളക്കി കളയണമെന്ന് രോഗിയോട് നിർദേശിച്ചിരുന്നതായും ആശുപത്രി അധികൃതർ വ്യക്തമാക്കി.
മുതുകില്‍ പഴുപ്പ് നിറഞ്ഞ കുരു നീക്കം ചെയ്യാനാണ് ശനിയാഴ്ച തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി മടങ്ങി.
എന്നാൽ രണ്ട് ദിവസം കഴിഞ്ഞിട്ടും വേദനയും നീരം മാറാതെ വന്നതോടെ ഷിനുവിന്‍റെ ഭാര്യ കെട്ട് അഴിച്ച് നോക്കിയപ്പോഴാണ് സ്റ്റിച്ച് ഇട്ട ഭാഗത്ത് കൈയ്യുറ തുന്നിച്ചേർത്തിരിക്കുന്നതായി കണ്ടതെന്നും പരാതിയിൽ പറയുന്നു. സംഭവം പരാതിയായതിനു പിന്നാലെ ഇവരോട് ആശുപത്രിയിലേക്ക് വരാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.