Timely news thodupuzha

logo

കുത്തകപ്പാട്ട ഭൂമിയിൽ നിന്നും കർഷകരെ കുടിയൊഴിപ്പിക്കാനുള്ള റവന്യൂ വകുപ്പിന്റെ നീക്കം അവസാനിപ്പിക്കണം; കർഷക കോൺഗ്രസ്

നെടുങ്കണ്ടം: ഏലം കൃഷിക്കായി സെറ്റിൽമെന്റ് ഓഫീസ് മുഖേന 20 വർഷത്തേക്കാണ് കുത്തകപ്പാട്ട സ്ഥലം രജിസ്റ്റർ ചെയ്തു നൽകുന്നത് കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് രജിസ്ട്രേഷൻ പുതുക്കി നൽകുകയാണ് പതിവ്.

കുത്തകപ്പാട്ട സ്ഥലം അവകാശികൾക്കായി കൈമാറി കൊടുക്കുകയും ചെയ്യാറുണ്ട്. നിശ്ചിത തുക വില്ലേജ് ഓഫീസിൽ അടച്ച് രസീത് കൈപ്പറ്റുകയാണ് സാധാരണ ചെയ്യാറുള്ളത്. എന്നാൽ രജിസ്ട്രേഷൻ പുതുക്കൽ, പാട്ടം ഉടമസ്ഥാവകാശം കൈമാറി രജിസ്ട്രേഷൻ നടത്തുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നത് കുമളി 66ആം മൈലിൽ ഉള്ള സെറ്റിൽമെന്റ് ഓഫീസിലാണ്.

ഇതിനായി ജീവനക്കാർ ചോദിക്കുന്ന പണം നൽകിയില്ലെങ്കിൽ ഇവ ഒന്നും നടത്തി കൊടുക്കാറില്ല. പാമ്പാടും പാറയിൽ ചാക്കോ ചാണ്ടിയെന്ന കർഷകൻ തന്റെ 98 സെന്റ് സ്ഥലത്തിന്റെ പാട്ടം പുതുക്കുന്നതിനായി ഓഫീസിൽ എത്തിയപ്പോൾ വൻതുക കൈക്കൂലിയായി ആവശ്യപ്പെട്ടു.

അദ്ദേഹം അത് നൽകാൻ തയ്യാറായില്ല. 2001ന് മുമ്പ് പാമ്പാടുംപാറ ടൗണിൽ ഉള്ള സ്ഥലത്ത് മൂന്ന് കടമുറികളും അതിനോട് അനുബന്ധിച്ച് താമസിക്കാനുള്ള വീടും നിർമ്മിച്ച് ഗ്രാമപഞ്ചായത്തിൽ കെട്ടിട നികുതി അടച്ച സ്ഥലത്ത് നിന്നും വീട്ടിൽ നിന്നും ഒഴിയണമെന്ന് പറഞ്ഞ് നോട്ടീസ് നൽകിയിരിക്കുകയാണ്.

പാട്ട വ്യവസ്ഥ ലംഘിച്ച് നിർമ്മാണ പ്രവർത്തനം നടത്തി എന്നാണ് കാരണമായി പറഞ്ഞിരിക്കുന്നത്. അതിനാൽ 30 ദിവസത്തിനകം വീടും സ്ഥലവും ഒഴിഞ്ഞ് പോണം എന്നാണ് ഉടുമ്പൻചോല ഭൂരേഖ തഹസിൽദാർ പറഞ്ഞിരിക്കുന്നത്. ഇതിനെതിരെ ജില്ലാ കളക്ടർക്ക് പരാതി നൽകിയെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ല.

തൊട്ടടുത്ത് ആയിര കണക്കിന് ഏക്കർ സ്ഥലം പാട്ടം പോലും നൽകാതെ പാമ്പാടുംപാറ എസ്റ്റേറ്റ് മാനേജ്മെന്റ് കൈവശം വച്ചിട്ടുണ്ട്. ഇവിടെ എല്ലാം കാലാകാലങ്ങളായി നിർമ്മാണ പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട് എന്നിരിക്കെയാണ് ആകെയുള്ള താമസസ്ഥലത്ത് നിന്നും ഒഴിഞ്ഞ് പോകണമെന്ന് പറഞ്ഞ് നോട്ടീസ് നൽകിയിരിക്കുന്നത്.

ഈ കർഷകനെ കുടിയിറക്കാൻ ശ്രമിച്ചാൽ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്നും സെറ്റിൽമെന്റ് ഓഫീസിലെ മുൻ ജീവനക്കാരുടെയും ഇപ്പോഴത്തെ ജീവനക്കാരുടെയും സ്വത്ത് വിവരങ്ങൾ വിജിലൻസ് അന്വേഷിക്കണമെന്നും കർഷക കോൺഗ്രസ് ഉടുമ്പൻചോല നിയോജക മണ്ഡലം പ്രസിഡണ്ട് ജോയി കുന്നുവിള ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *