ഗാസിയാബാദ്: ഇൻസ്റ്റഗ്രാം റീൽ ഷൂട്ട് ചെയ്യവേ കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്ന് വീണ് പതിനാറുകാരിക്ക് പരിക്കേറ്റു. ഗാസിയാബാദിലാണു സംഭവം.
11ആം ക്ലാസ് വിദ്യാർത്ഥിനിയായ കുട്ടി ഒരു ഹൗസിംഗ് സൊസൈറ്റിയിലെ കെട്ടിടത്തിന് മുകളിൽ നിന്ന് താഴെ വീഴുകയായിരുന്നു. കാലിനും നെറ്റിക്കും പരിക്കുകളോടെ ഇന്ദിരാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി അപകടനില തരണം ചെയ്തതായി സ്ഥലത്തെ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സ്വതന്ത്ര കുമാർ സിംഗ് പറഞ്ഞു.
കഴിഞ്ഞദിവസം വൈകുന്നേരം ആറോടെയാണ് സംഭവം നടന്നത്. ഫ്ലാറ്റിന്റെ ബാൽക്കണിയിൽ വച്ച് ഇൻസ്റ്റാഗ്രാം റീൽ ചിത്രീകരിക്കുന്നതിനിടെ ഫോൺ കൈയിൽ നിന്ന് തെന്നുകയും അതു പിടിക്കാൻ ശ്രമിക്കുമ്പോൾ സ്റ്റൂളിൽ നിന്ന് തെന്നി താഴേക്ക് വീഴുകയുമായിരുന്നുവെന്നാണു കുട്ടി പറഞ്ഞതെന്നു കമ്മീഷണർ പറഞ്ഞു.
താഴത്തെ നിലയിൽ സൂക്ഷിച്ചിരുന്ന സിമന്റിന്റെ ചെടിച്ചട്ടിക്ക് മുകളിലാണ് വന്ന് വീണത്. ചെടിച്ചട്ടിയിൽ ഒരുപാട് മണ്ണുണ്ടായിരുന്നതിനാൽ ആണ് വലിയ പരിക്കില്ലാതെ കുട്ടി രക്ഷപ്പെട്ടത്.