Timely news thodupuzha

logo

പൂയംകുട്ടിയിൽ 3 പിടിയാനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തി; അന്വേഷണത്തിന് തുടക്കം കുറിച്ച് വനം വകുപ്പ്

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടി പിണ്ടിമേട് ഉൾവനത്തിൽ വിവിധ ഇടങ്ങളിലായി മൂന്ന് കാട്ടാനകളുടെ ജഡം കണ്ടെത്തിയ സംഭവത്തിൽ ഡി.എഫ്.ഒ ഖുറ ശ്രീനിവാസിന്‍റെ നേതൃത്വത്തിലുള്ള എട്ടംഗ വിദഗ്ധ സമിതി അന്വേഷണം തുടങ്ങി.

ചരിഞ്ഞ മൂന്നാമത്തെ ആനയുടെയും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി സംസ്കരിച്ചു. ചരിഞ്ഞ മൂന്ന് പിടിയാനകളുടെയും ആന്തരികാവയവങ്ങളുടെ സാംപിൾ പരിശോധനയ്ക്കായി സംസ്‌ഥാനത്തെ മൂന്ന് ലാബുകളിലേക്ക് അയയ്ക്കുമെന്ന് ഖുറ ശ്രീനിവാസ് പറഞ്ഞു.

കാക്കനാട് റീജനൽ കെമിക്കൽ ലബോറട്ടറി, വയനാട് മോളിക്യുലാർ വൈൽഡ് ലൈഫ് ഫൊറൻസിക് ആൻഡ് ഡിസീസ് ഡയഗ്നോസ്റ്റിക് ലബോറട്ടറി, തൃശൂർവെറ്റിനറി കോളേജ് എന്നിവിടങ്ങളിലേക്കാണു സാംപിളുകൾ അയയ്ക്കുക.

ഇവിടെ നിന്നുള്ള പരിശോധനാഫലങ്ങൾ ലഭിക്കുന്ന മുറയ്ക്കു മാത്രമേ ആനകളുടെ മരണകാരണം കണ്ടെത്തി വിശദമായ റിപ്പോർട്ട് സമർപ്പി ക്കാനാകൂവെന്നും ഡിഎഫ്ഒ പറഞ്ഞു.

ചത്ത ആനകളിൽ ഒരെണ്ണത്തിന്‍റെ കാൽ പാറയിടുക്കിൽ കുടുങ്ങി തുമ്പിക്കൈ ശക്തമായി ഇടിച്ചു വീണതാണെന്നാണു പ്രാഥമിക നിഗമനം. ഇത്തരം സാഹചര്യങ്ങളിൽ ശ്വാസക്കുഴൽ ഞെരിഞ്ഞു തകരാൻ സാധ്യതയുണ്ട്.

ഇങ്ങനെ ശ്വാസമെടുക്കാനോ എഴുനേൽക്കാനോ കഴിയാതെ ആന ചരിഞ്ഞതാകാം എന്നാണു നിഗമനം. എന്നാൽ ചരിഞ്ഞ മറ്റ് ആനകളുടെ ശരീരത്തിൽ കാര്യമായ പരുക്കുകൾ കണ്ടെത്തിയിട്ടില്ല.

ജഡങ്ങൾ അഴുകിയ നില യിൽ ആയിരുന്നതിനാൽ മരണ കാരണം സംബന്ധിച്ചുള്ള പ്രാഥമിക നിഗമനം ദുഷ്കരമായിരുന്നു. കൊമ്പനാനകളുടെയോ മറ്റു മൃഗങ്ങളുടെയോ ആക്രമണത്തിൽ കൊല്ലപ്പെട്ടതാണോ എന്നതും പരിശോധിക്കുന്നു.

അസുഖംമൂലമോ അല്ലെങ്കിൽ സസ്യങ്ങളിൽ നിന്നുള്ള വിഷ ബാധ മൂലമോ ആനകൾ ചരിഞ്ഞതാണോ എന്നതും പരിശോധിക്കേണ്ടതുണ്ട്. ഇതിനാലാണ് വിഷാംശ പരിശോധന സൗകര്യം ഉൾപ്പെടെയുള്ള ലാബുകളിലേക്ക് സാംപിളുകൾ അയച്ചത്. സംഭവത്തിന് പിന്നിൽ ക്രിമിനൽ ഇടപെടലുകളുണ്ടോ എന്നതുൾപ്പെടെ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *