Timely news thodupuzha

logo

യുവനടന്റെ പേരിൽ ലൈം​ഗിക ആരോപണം; പരാതിയിൽ ഉറച്ച് നിൽക്കുന്നതായി യുവതി

തിരുവനന്തപുരം: യുവനടനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച കൊച്ചിയിലെ നടിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി.

നേരത്തെ ആരോപണം ഉന്നയിച്ച അതേ നടനെതിരെയാണ് പരാതി നൽകിയതെന്നും വീട്ടുകാരെ ബോധ്യപ്പെടുത്തിയ ശേഷം നടന്‍റെ പേര് പറയുമെന്നും നടി പറഞ്ഞു.

മൊഴി കൊടുത്തതിന് ശേഷം മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു നടി. വ്യക്തിപരമായ നേട്ടത്തിനല്ല പരാതി നൽകിയത്. കലാരംഗത്തു തനിക്കു നേരിട്ട പ്രശ്നമാണ് പരാതിയായി ഉന്നയിച്ചത്. പരാതിയിൽ ഉറച്ചു നിൽക്കുന്നു.

മൂന്ന് പേരുടെ പരാമര്‍ശങ്ങളാണ് താന്‍ സൂചിപ്പിച്ചിട്ടുള്ളത്. ഇതില്‍ നേരിട്ട് പ്രശ്‌നമുണ്ടായ ആളുടെ പേര് പൊലീസിന് നല്‍കിയിട്ടുണ്ട്. മറ്റു രണ്ട് പേരില്‍ ഒരാള്‍ മരിച്ചു പോയ ഹാസ്യനടനും മറ്റൊരു സംവിധായകനുമാണ്.

ജൂനിയർ ആർട്ടിസ്റ്റായി ലൊക്കേഷനില്‍ എത്തിയപ്പോഴായിരുന്നു ദുരനുഭവം ഉണ്ടായതെന്ന് നടി വ്യക്തമാക്കിയിരുന്നു. ലൊക്കേഷനില്‍ വച്ച് യുവതാരം ‌പിന്നിൽ നിന്ന് അപ്രതീക്ഷിതമായി കടന്ന് പിടിക്കുക ആയിരുന്നുവെന്നും പിന്നീട് മാപ്പുപറഞ്ഞ് തലയൂരിയെന്നുമാണ് നടിയുടെ ആരോപണം.

നോ പറഞ്ഞത് കൊണ്ട് മാത്രം നിരവധി അവസരങ്ങള്‍ നഷ്ടമായെന്നും സിനിമയിൽ മദ്യവും മയക്കുമരുന്നുമുണ്ടെന്നും അവർ പറയുന്നു. അതേസമയം, വിദേശ നമ്പറിൽ നിന്ന് ഫോൺ കോൾ വരുന്നുണ്ട്. മാധ്യമ പ്രവർത്തകനെന്ന പേരിൽ ചിലർ വരുന്നുണ്ടെന്നും ആരും ഭീഷണിപ്പെടുത്താൻ നോക്കണ്ടെന്നും നടി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *