Timely news thodupuzha

logo

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ള മുഴുവന്‍ ആളുകളുടെയും പേര് പുറത്തുവരട്ടെയെന്ന് ഫെഫ്ക

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഉയർന്ന ആരോപണങ്ങളിലും അതിനു പിന്നാലെ താരസംഘടനയായ അമ്മയുടെ ഭരണസമിതിയുടെ കൂട്ട രാജിയിലും പ്രതികരണവുമായി ചലച്ചിത്ര പിന്നണി പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക.

അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി ഒന്നടങ്കം രാജിവെച്ചത്, സംഘടനയെ നവീകരിക്കുന്നതിന്‍റെ തുടക്കമാകട്ടെയെന്ന് ഫെഫ്ക പറഞ്ഞു. ലൈംഗികാതിക്രമം നടത്തിയതായി പരാമര്‍ശമുള്ള മുഴുവനാളുകളുടെയും പേര് പുറത്തുവരട്ടെ.

സംഘടനയില്‍ കുറ്റാരോപിതരുണ്ടെങ്കില്‍ വലിപ്പച്ചെറുപ്പമില്ലാതെ നടപടി സ്വീകരിക്കും. ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ കൂടുതല്‍ പറയുന്നത് ഉചിതമല്ലെന്നും ഫെഫ്ക വാർത്താക്കുറിപ്പിലൂടെ പ്രതികരിച്ചു.

സിനിമയിലെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ അതിജീവിതകള്‍ക്ക് പരാതിപ്പെടാനും, കൃത്യമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കാനും സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതിനെ ഫെഫ്ക സ്വാഗതം ചെയ്യുന്നു.

അതിജീവിതമാര്‍ക്ക് ആവശ്യമായ എല്ലാ നിയമസഹായങ്ങളും ഉറപ്പാക്കാനും ഫെഫ്കയിലെ സ്ത്രീ അംഗങ്ങളുടെ കോര്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തും. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്‍റെ സേവനം ലഭ്യമാക്കും.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സിനിമാ ചരിത്രത്തിലെ ഏറ്റവും പ്രധാന മാര്‍ഗരേഖയാണ്. ഫെഫ്കയിലെ അംഗസംഘടനകളുടെ യോഗം സെപ്തംബര്‍ 2,3,4 തീയതികളില്‍ ചേരും.

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തുടര്‍ ചര്‍ച്ചകള്‍ക്കായാണ് യോഗം ചേരുന്നത്. അപക്വവും വൈകാരികവുമായ പ്രതികരണങ്ങളല്ല വേണ്ടതെന്നും റിപ്പോര്‍ട്ട് സമഗ്രമായി വിലയിരുത്തുന്നതിനാണ് യോഗമെന്നും വാർത്താക്കുറിപ്പിൽ ഫെഫ്ക വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *