Timely news thodupuzha

logo

പാലക്കാട് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കാന്‍ ഒരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ വ്യവസായ മേഖലയിൽ വികസനത്തിന്‍റെ സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാർ. പാലക്കാട് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.

കേന്ദ്രമന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിലെ പാലക്കാട് അടക്കം 10 സംസ്ഥാനങ്ങളിലായി 12 വ്യവസായ മേഖലകളാണ് വികസിപ്പിക്കുക.

ദേശീയ വ്യവസായ ഇടനാഴി വികസന പദ്ധതിയുടെ ഭാഗമായാണ് പാലക്കാട് വ്യവസായ സഗരം സ്ഥാപിക്കുന്നത്. ഇതിനായി 28,600 കോടി ചെലവിലാണ് പദ്ധതി നടപ്പാക്കുക.

പാലക്കാട് മേഖലയുടെ വികസനത്തിന് മാത്രമായി 3806 കോടി അനുവദിച്ചു. ഇതിലൂടെ 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനാകുമെന്നാണ് പ്രതീക്ഷ.

1710 ഏക്കർ സ്ഥലം പദ്ധതിക്കായി ഏറ്റടുക്കും. 51000 പേര്‍ക്ക് തൊഴിലവസരം ലഭിക്കും. മെഡിക്കല്‍, കെമിക്കല്‍, നോണ്‍ മെറ്റാലിക്, മിനറല്‍, റബ്ബര്‍, പ്ലാസ്റ്റിക് ഉത്പ്പന്നങ്ങള്‍, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ഉത്പ്പന്നങ്ങള്‍ എന്നിവയാണ് സ്മാര്‍ട്ട് സിറ്റിയില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്.

കേരളത്തിൽ ഭൂമി വില കൂടുതലായതിലാണ് ഭൂമിയേറ്റെടുക്കാൻ തുക കൂടുതൽ അനുവദിച്ചത്. ഉത്തരാഖണ്ഡിലെ ഖുര്‍പിയ, പഞ്ചാബിലെ രാജ്പുരപാട്യാല, മഹാരാഷ്ട്രയിലെ ദിഗ്ഗി, യു.പിയിലെ ആഗ്ര, പ്രയാഗ്രാജ്, ബിഹാറിലെ ഗയ, തെലങ്കാനയിലെ സഹീറാബാഗ്, ആന്ധ്രയിലെ ഒര്‍വാക്കല്‍, കൊപ്പാര്‍ത്തി, രാജസ്ഥാനിലെ ജോധ്പുര്‍പാലി എന്നിവിടങ്ങളിലാണ് മറ്റ് സ്മാര്‍ട് സിറ്റികള്‍ വരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *