ബല്ലാരി രാജൻ
മൂലമറ്റം: ഇലപ്പള്ളിയിൽ വ്യാപക മോഷണം. ഒട്ടുപാൽ, പിണ്ടി പാൽ, റബ്ബർ ഷീറ്റ് തുടങ്ങിയവയാണ് മോഷ്ടിക്കുന്നത്. മറ്റ് തൊഴിലുകൾ ഒന്നുമില്ലാതെ കറങ്ങി നടക്കുന്ന കുളമാവ്, ആലിൻ ചുവട് തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്ന ആളുകളാണ് മോഷണം നടത്തുന്നത്. ബുധനാഴ്ച മോഷണ മുതലുമായി മൂലമറ്റത്തേക്ക് മോഷ്ടാക്കൾ പോകുന്നത് കണ്ട് ഒരു യുവാവ് വിളിച്ച് പറഞ്ഞതിനെ തുടർന്ന് പുതുപ്പറമ്പിൽ ജെയ്സണും സംഘവും സ്ഥലത്ത് ചെന്നപ്പോൾ മോഷണ മുതൽ ഉപേക്ഷിച്ച് പ്രതികൾ ഓടി രക്ഷപെട്ടു. പണം കൊണ്ട് പോകാൻ കടയുടമ വിളിച്ച് പറഞ്ഞപ്പോൾ പിന്നെ വാങ്ങി കൊള്ളാമെന്ന് പറഞ്ഞ് അവർ രക്ഷപ്പെട്ടു.
മോഹൻദാസ്
ഇലപ്പള്ളി പുതുപ്പറമ്പിൽ ജെയ്സണിൻ്റെ പറമ്പിൽ കൂട്ടിയിട്ടിരുന്ന പിണ്ടി പാലാണ് മോഷണം പോയത്. ഇതിന് മുമ്പും പല തവണ മോഷണം നടന്നിട്ടുണ്ട്. പറമ്പിൽ റബ്ബർ വെട്ടിയിടുന്ന സാധനങ്ങൾ അവിടെ നിന്നാണ് മോഷ്ടിച്ച് കൊണ്ട് പോകുന്നത്. ബുധനാഴ്ച ഉച്ചയോടു കൂടിയാണ് മോഷണം പോയത്. രാത്രിയിൽ തന്നെ പ്രതികളെ മൂലമറ്റത്ത് നിന്ന് കാഞ്ഞാർ പോലീസ് അറസ്റ്റ് ചെയ്തു.
കുളമാവ് ചെറുകര പറമ്പിൽ ബല്ലാരി രാജൻ(44), അറക്കുളം ആലിൻ ചുവട് ഭാഗത്ത് താമസിക്കുന്ന കളിയിക്കൽ മോഹൻദാസ്(55) എന്നിവരാണ് പിടിയിലായത്. കാഞ്ഞാർ എസ്.ഐമാരായ പ്രവീൺ പ്രകാശ്, ത്രിദീപ് കുമാർ, എ.എസ്.ഐ ഉഷ, സിവിൽ പോലീസ് ഓഫീസർമാരായ ജോളി, നിസാർ, ഹരീഷ്, അജീഷ്, തുടങ്ങിയവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കടയിൽ കൊണ്ട് പോയി തെളിവെടുപ്പ് നടത്തി. മുട്ടം കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.