തൊടുപുഴ: തട്ടക്കുഴ ക്ഷീരോത്പാദക സഹകരണ സംഘം ആപ്കോസിൽ സെക്രട്ടറിയായി 1993ൽ ജോലിയിൽ പ്രവേശിയ്ക്കുകയും നീണ്ട മുപ്പത്തൊന്നു വർഷക്കാലം സേവനം അനുഷ്ടിക്കുകയും ചെയ്ത് ഈ മാസം മുപ്പത്തൊന്നിന് ജോലിയിൽ നിന്നും വിരമിക്കുന്ന ഷീല വിജയന് ക്ഷീര സംഘത്തിലെ ജീവനക്കാരുടെയും ക്ഷീര കർഷകരുടെയും ഭരണസമിതിയുടെയും ഡിപ്പാർട്ടുമെൻ്റിൻ്റെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. തട്ടക്കുഴ വോൾഗാ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പൊതുസമ്മേളനം ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി തോമസ് കാവാലം ഉദ്ഘാടനം ചെയ്തു.
ഷീല വിജയനെ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി സുരേന്ദ്രൻ പൊന്നാടയും മൊമെന്റോയും നൽകി ആദരിച്ചു. വിവിധ മേഖലകളിൽ നിന്നുള്ള ഉപഹാരങ്ങളും മൊമൻ്റോകളും , ലീവ് സറണ്ടർ ഗ്രാറ്റിവിറ്റി തുടങ്ങിയവയ്ക്കുള്ള ചെക്കുകളും സമ്മേളനത്തിൽ വിതരണം ചെയ്തു. സംഘത്തിൽ 2023-24 വർഷത്തിൽ ഏറ്റവും കൂടുതൽ പാൽ അളന്ന കർഷകരെയും യുവകർഷകയെയും വിവിധ അവാർഡുകൾ നൽകി ആദരിച്ചു.
ക്ഷീര സംഘം പ്രസിഡന്റ് ദിവാകരൻ നായർ അധ്യക്ഷത വഹിച്ചു. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി സുരേന്ദ്രൻ, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് ബി.ഡി.ഒ അജയ് എ.ജെ, ചീനിക്കുഴി ഡിവിഷൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നൈസി ഡെനിൽ, ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ബിന്ദു രവീന്ദ്രൻ, ജിൻസി സാജൻ, മിൽമ സൂപ്പർ വൈസർ അനസു, യൂണിറ്റ് ഹെഡ് ശ്രീവിദ്യ, ഡയറി ഡിപ്പാർട്ടുമെൻ്റ് ഫാം ഇൻസ്പെക്ടർ കാതറിൻ സാറാ ജോർജ്, കെ.എസ്.എം.എ താലൂക്ക് പ്രസിഡൻ്റ് എം.റ്റി ജോണി മുണ്ടയ്ക്കാമറ്റം, ഇളംദേശം ബ്ലോക്കിൻ്റെ കീഴിൽ പ്രവൃത്തിക്കുന്ന ഇരുപത്തൊൻപത് ക്ഷീര സംഘത്തിലെ പ്രസിഡൻ്റുമാരും സെക്രട്ടറിമാരും തട്ടക്കുഴ ക്ഷീര സംഘത്തിലെ കർഷകരും ചടങ്ങിൽ പങ്കെടുത്തു. ക്ഷീരസംഘം മുൻപ്രസിഡൻ്റ് ജോണി കണ്ണംകുളം സ്വാഗതവും ബോർഡ് മെമ്പർ വിൻസെൻ്റ് തോമസ് നന്ദിയും പറഞ്ഞു.