വണ്ണപ്പുറം: മുളപ്പുറം തൊമ്മൻകുത്ത് വഴി രാവിലെ 6.30 ന് വണ്ണപ്പുറം മൂവാറ്റുപ്പുഴ റൂട്ടിൽ എറണാകുളം കലൂർ ഭാഗത്തേക്ക് വർഷങ്ങളായി ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസ്സ് നിർത്തിയിട്ട് വർഷം രണ്ട് കഴിഞ്ഞു. ഈ ബസിനെ ആശ്രയിച്ചാണ് നിരവധി വിദ്യാർത്ഥികളും, യാത്രക്കാരും ദൂരസ്ഥലങ്ങളിലേക്ക് യാത്ര ചെയ്തു കൊണ്ടിരുന്നത്.
ഇപ്പോൾ ഈ യാത്രക്കാരുടെയും കുട്ടികളുടെയും അവസ്ഥ വളരെ ദയനീയമാണ്. കൂടാതെ തൊമ്മൻകുത്ത്, മുളപ്പുറം ഭാഗത്ത് നിന്നുള്ള ജനങ്ങൾക്ക് വണ്ണപ്പുറത്തിന് രാവിലെ 7.45 ന് ശേഷമാണ് മറ്റൊരു ബസുള്ളത്. തൊമ്മൻകുത്ത് നിന്ന് രാവിലെ വണ്ണപ്പുറം ഭാഗത്തേക്ക് പോകണമെങ്കിൽ ഓട്ടോറിക്ഷയെ ആശ്രയിക്കേണ്ട അവസ്ഥയാണിപ്പോൾ.
ഗ്രാമീണ റൂട്ടുകളിൽ സർവീസ് ആരംഭിക്കുവാൻ കെ.എസ്.ആർ.ടി.സി ഇതുവരെയും തയ്യാറായിട്ടില്ല. ഈ സർവീസ് മുടങ്ങിയതിനെ പറ്റി പല പ്രാവശ്യം അധികാരികളെ അറിയിച്ചെങ്കിലും യാതൊരു നടപടികളും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലായെന്നാണ് ജനങ്ങൾ പറയുന്നത്. എത്രയും പെട്ടെന്ന് സർവീസുകൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പ്രദേശവാസികൾ വകുപ്പ് മന്ത്രിക്ക് പരാതി നൽകിയിട്ട് വർഷങ്ങൾ കഴിഞ്ഞു.
അടിയന്തിരമായി ഈ റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുനരാരംഭിക്കണമെന്നാണ് ജനങ്ങളുടെ ഏക ആവശ്യം. എന്നാൽ തൊടുപുഴ നടന്ന ജനകീയ സദസ്സിൽ തൊമ്മൻകുത്ത് എറണാകുളം കല്ലൂർ ബസ് ഓടണമെന്ന പ്രത്യേക നിർദേശം വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് എം എ ബിജു ആവശ്യപ്പെട്ടിട്ടുണ്ട്.