ഇടുക്കി: ദേശീയ കന്നുകാലി സെൻസസിന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ഡിസംബർ വരെ പക്ഷിമൃഗാദികളുടെ കണക്കെടുപ്പ് നടക്കും.
ഇതോടനുബന്ധിച്ച് സൂപ്പർവൈസർമാർക്കുള്ള പരിശീലന പരിപാടിയുടെ ഉദ്‌ഘാടനം എം.എൽ.എ പി.ജെ ജോസഫ് തൊടുപുഴ പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നിർവഹിച്ചു.
ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർമാർ, പരിശീലനം നേടിയ പശുസഖിമാർ എന്നിവരുൾപ്പടെ നൂറ്റിയെഴുപതോളംപേർ സെൻസസിൽ പങ്കെടുക്കുന്നു.
ഇനം, പ്രായം, ആൺ , പെൺ വ്യത്യാസവുമനുസരിച്ച് മൃഗങ്ങളുടെയും, പക്ഷികളുടെയും വിവരങ്ങളും, ഫാമുകൾ , അറവുശാലകൾ , ഇറച്ചിക്കടകൾ മുതലായവയുടെ വിവരങ്ങളും ശേഖരിക്കും.
എന്യൂമറേറ്റർമാർ വീടുകൾ സന്ദർശിക്കുമ്പോൾ കൃത്യവും സത്യസന്ധവുമായ വിവരങ്ങൾ നൽകണമെന്നും, അവ രഹസ്യമായി സൂക്ഷിക്കുമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.മിനി ആർ , ഡെപ്യൂട്ടി ഡയറക്ടർ ഡോ.ഷീബ സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു.
പ്രത്യേകം തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗപ്പെടുത്തി ഇടമലക്കുടിയുൾപ്പടെ മുഴുവൻ മേഖലകളിലും വിവരശേഖരണം നടത്തും. സെൻസസ് പ്രകാരം ലഭിക്കുന്ന കണക്കുകൾ വിവിധ പദ്ധതി ആസൂത്രണങ്ങൾക്കും , മൃഗസംരക്ഷണ മേഖലയിലെ പ്രശ്നപരിഹാരങ്ങൾക്കും ഉപയോഗിക്കും.