Timely news thodupuzha

logo

മലപ്പുറം പൊലീസിൽ വന്‍ അഴിച്ചു പണി

തിരുവനന്തപുരം: സർക്കാരിനും എ.ഡി.ജി.പിക്കും എതിരായി പി.വി അന്‍വര്‍ എം.എല്‍.എ ഉയര്‍ത്തിയ വിവാദങ്ങള്‍ക്ക് പിന്നാലെ മലപ്പുറം പൊലീസില്‍ വന്‍ അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍.

കഴിഞ്ഞ ദിവസങ്ങളിൽ മലപ്പുറം പൊലീസിനെക്കുറിച്ച് വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. മലപ്പുറം എസ്പി എസ്. ശശിധരനും ഡി.വൈ.എസ്.പിമാരും ഉള്‍പ്പെടെയുള്ള ജില്ലയിലെ പ്രധാന ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയിരിക്കുന്നത്.

പരാതി നല്‍കാനെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ ആരോപണ വിധേയനായ താനൂര്‍ ഡി.വൈ.എസ്.പി ബെന്നിയെ കോഴിക്കോട് റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് സ്ഥലം മാറ്റി.

മലപ്പുറം ജില്ലയിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉള്‍പ്പെടെ മുഴുവന്‍ സബ് ഡിവിഷനുകളിലെ ഉദ്യോഗസ്ഥര്‍ക്കും സ്ഥലം മാറ്റമുണ്ട്. പരാതിയുമായി ജില്ലാ പൊലീസ്‌ ആസ്ഥാനത്ത്‌ എത്തിയ യുവതിയോട്‌ ദുരുദ്ദേശ്യത്തോടെ പെരുമാറിയ പാലക്കാട്‌ സ്‌പെഷ്യൽ ബ്രാഞ്ച്‌ ഡി.വൈ.എസ്‌.പി എം.വി മണികണ്‌ഠനെ സസ്പെന്‍റ് ചെയ്തു.

പരാതിയുമായെത്തിയ ഇരുപത്താറുകാരിയെ ജില്ലാ പൊലീസ്‌ മേധാവിയുടെ അനുമതിയില്ലാതെ മണികണ്ഠൻ ചോദ്യം ചെയ്‌തിരുന്നു. തുടർന്ന്‌ ഇവരെ ഔദ്യോഗിക വാഹനത്തിൽ കയറ്റി ബസ്‌ സ്റ്റാൻഡിൽ ഇറക്കിയത്‌ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു.

സ്‌ത്രീകളോട്‌ അപമര്യാദയായി പെരുമാറിയ സംഭവങ്ങളിൽ ഇതിനുമുമ്പും ഡിവൈഎസ്‌പിക്കെതിരെ നടപടിയുണ്ടായിട്ടുണ്ട്‌. പാലക്കാട്ട്‌ ജോലിചെയ്യവെ സഹപ്രവർത്തകരായ വനിതാ പൊലീസുകാരോട് അപമര്യാദയായി പെരുമാറിയെന്നും പരാതി ഉയർന്നിരുന്നു. 2016ൽ പീഡനക്കേസ്‌ ഇരയോട്‌ ദുരുദ്ദേശ്യത്തോടെ പെരുമാറിയ പരാതിയുമുണ്ട്‌.

സംസ്ഥാന പൊലീസിനെ പിടിച്ച് കുലുക്കിയ വിവാദങ്ങള്‍ക്ക് തുടക്കം മലപ്പുറം പൊലീസില്‍ നിന്നായിരുന്നു. മലപ്പുറത്തെ പൊലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളന വേദിയില്‍ വെച്ച് നിലമ്പൂര്‍ എം.എല്‍.എയായ പി.വി അന്‍വര്‍ മലപ്പുറം എസ്.പി ശശിധരനെ രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് വിവാദം മറ നീക്കി പുറത്തേക്ക് വരുന്നത്.

പിന്നീട് ആക്ഷേപം മലപ്പുറം മുന്‍ എസ്.പി സുജിത് ദാസിലേക്കും എ.ഡി.ജി.പി എം.ആർ അജിത് കുമാറിലേക്കും നീങ്ങി ഒടുവില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയിലേക്ക് വരെ എത്തി.

ഇതിന് പിന്നാലെയാണ് മലപ്പുറത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ലൈംഗിക ആരോപണവുമായി പരാതിക്കാരി രംഗത്ത് വരുന്നത്. തുടര്‍ച്ചയായ വിവാദങ്ങള്‍ക്കൊടുവിലാണ് മലപ്പുറം പൊലീസില്‍ വന്‍ അഴിച്ച് പണി നടത്തിയത്.

അതേസമയം എസ്.പി എസ് ശശിധരനെ വിമര്‍ശിച്ചതിന് മാപ്പ് പറയില്ലെന്ന് പി.വി അന്‍വര്‍ എം.എല്‍.എ നേരത്തെ പറഞ്ഞിരുന്നു. എസ്.പി എസ് ശശിധരന്‍ നമ്പര്‍വണ്‍ സാഡിസ്റ്റാണെന്നും ഇഗോയിസ്റ്റിക്കാണെന്നും കുറ്റപ്പെടുത്തിയ അന്‍വര്‍ മലപ്പുറം എസ്.പി നല്ല ഓഫീസറല്ലെന്നും പൂജ്യം മാര്‍ക്കാണ് അദ്ദേഹത്തിന് ഇടാനുള്ളതെന്നും വിമര്‍ശിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *