തൊടുപുഴ: വേയ്ബ്രിഡ്ജിൽ നിന്നുള്ള വെള്ളവും ചെളിയും റോഡിലേക്ക് ഒഴുക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് നാട്ടുകാർ വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ വെയ്ബ്രിഡ്ജ് ഉപരോധിച്ചു.
തൊടുപുഴ പട്ടയംകവലയിൽ പ്രവർത്തിക്കുന്ന വെയ്ബ്രിഡ്ജിന് മുന്നിലാണ് ഉപരോധ സമരം നടത്തിയത്. വെയ്ബ്രിഡ്ജിൽ നിന്നുള്ള ചെളി റോഡിലേക്ക് ഒഴുകുന്നത് കാരണം രാത്രി കാലങ്ങളിൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽ പെടുന്നത് പതിവായിരുന്നു. കൂടാതെ കാൽനട യാത്രികർക്കും ഇത് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. സ്‌കൂൾ വിദ്യാർത്ഥികൾ അടക്കം ഒട്ടേറെ ആളുകൾ ദിനം പ്രതി സഞ്ചരിക്കുന്ന റോഡിലേക്കാണ് വെയ്ബ്രിഡ്ജിൽ നിന്നുള്ള ചെളി ഒഴുക്കുന്നത്.
റോഡിലേക്ക് ചെളി ഒഴുകുന്നത് തടയണം എന്നാവശ്യപ്പെട്ട് പലതവണ വെയ്ബ്രിഡ്ജ് ഉടമയെ സമീപിച്ചെങ്കിലും നടപടിയായിട്ടില്ല. ഇതേ തുടർന്നാണ് നാട്ടുകാർ മുനിസിപ്പൽ കൗൺസിലർ സനീഷ് ജോർജിന്റെ നേതൃത്വത്തിൽ ഉപരോധം സംഘടിപ്പിച്ചത്.
അടിയന്തിരമായി ചെളി നീക്കുവാൻ നടപടി ആയില്ലെങ്കിൽ വെയ്ബ്രിഡ്ജ് പ്രവർത്തനം നടത്തുവാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി. പ്രദേശവാസികളായ കെ കെ ഷിബിലി, ഷുക്കൂർ ഇസ്മായിൽ, സി പി കുഞ്ഞുമുഹമ്മദ്, ഷാനു ഷുക്കൂർ, സന്തോഷ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.