Timely news thodupuzha

logo

കോട്ടും ഗൗണും ധരിക്കുന്നതിൽ ഇളവ് ആവശ്യപ്പെടുന്ന പൊതുതാത്പര്യ ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: വേനൽക്കാലത്ത് കോടതിക്കുള്ളിൽ കറുത്ത കോട്ടും ഗൗണും ധരിക്കുന്നതിൽ ഇളവ് ആവശ്യപ്പെടുന്ന പൊതുതാത്പര്യ ഹർജി സുപ്രീം കോടതി തള്ളി.

കോടതിയിൽ ഒരു ഡ്രസ് കോഡ് ആവശ്യമാണെന്നും, കുർത്തയും പൈജാമയുമിട്ട് അഭിഭാഷകർ കോടതിയിൽ വരുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

ശൈലേന്ദ്ര മണി ത്രിപാഠിയെന്ന അഭിഭാഷകനാണ് സ്വന്തം നിലയ്ക്ക് പൊതുതാത്പര്യ ഹർജി സമർപ്പിച്ചിരുന്നത്. ഹർജി തള്ളിയെങ്കിലും, ത്രിപാഠിക്ക് ബാർ കൗൺസിൽ ഓഫ് ഇന്ത്യക്കും സ്റ്റേറ്റ് ബാർ കൗൺസിലുകൾക്കും കേന്ദ്ര സർക്കാരിനും നിവേദനം നൽകാവുന്നതാണെന്നും കോടതി വ്യക്തമാക്കി.

ഇതൊരു അച്ചടക്കത്തിന്‍റെ വിഷയമാണ്. ഷോർട്ട്സും ടീഷർട്ടും ഇട്ട് വാദിക്കുന്നത് അനുവദിക്കാനാവില്ലെന്നും കോടതി പറഞ്ഞു. രാജസ്ഥാനിലെയും ബാംഗ്ലൂരിലെയും കാലാവസ്ഥ ഒരുപോലെയല്ല.

അതുകൊണ്ട് തന്നെ അതത് സംസ്ഥാന ബാർ കൗൺസിലുകൾ ഇക്കാര്യത്തിൽ തീരുമാനമെടുക്കട്ടെയെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ഹർജി പരിഗണിക്കാൻ കോടതി വിസമ്മതിച്ചതോടെ, ഇതു പിൻവലിക്കാൻ ത്രിപാഠി അനുമതി തേടി. കോടതി ഇത് അംഗീകരിക്കുകയും ചെയ്തതോടെ ത്രിപാഠി ഹർജി പിൻവലിച്ചു.

Leave a Comment

Your email address will not be published. Required fields are marked *