തൊടുപുഴ: ന്യൂമാൻ കോളേജ് റിട്ട. പ്രിൻസിപ്പൽ മനയത്തുമാരിയിൽ പ്രൊഫ. എം.സി ജോണിന്റെ എൺപതാം ജന്മദിനാഘോഷങ്ങൾ തൊടുപുഴ ലയൺസ് ഹാളിൽ സംഘടിപ്പിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും ശിഷ്യരും ഉൾപ്പെടെ നിരവധി ആളുകൾ അനുമോദന യോഗത്തിൽ പങ്കെടുത്തു. ജോൺ സാറിന്റെ സ്കൂൾ തല അധ്യാപകൻ കലൂർ വെട്ടിയാങ്കൽ വി.വി പോൾ പ്രിയ ശിഷ്യന് ആശംസ നേരുവാൻ എത്തിയിരുന്നു.
കോതമംഗലം രൂപത വികാരി ജനറാൾ മോൺസിഞ്ഞോർ ഡോ. പയസ് മലേക്കണ്ടം, ശിഷ്യരിൽ പ്രമുഖരായ റിട്ട. ഡി.ഐ.ജി എസ് ഗോപിനാഥ്, മാധ്യമ പ്രവർത്തകൻ ആർ ഗോപാലകൃഷ്ണൻ, മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ പ്രൊഫ. ജെസ്സി ആന്റണി തുടങ്ങി നിരവധി ആളുകൾ ആശംസകൾ നേർന്നു.
സഹോദരി സഹോദരന്മാർ ചേർന്ന് ഷാൾ അണിയിച്ചു. മംഗലാപുരത്ത് നിന്നും എത്തിയ കുടുംബാംഗങ്ങൾ, മൈസൂരിലെ ആചാര പ്രകാരം കിരീടവും ഷാളും അണിയിച്ചാണ് അദ്ദേഹത്തെ ബഹുമാനിച്ചത്. ശിഷ്യരിൽ പ്രമുഖരായ ഡോ. പി.സി ജോർജ്, ഡോ. മാത്യു എബ്രഹാം, ഡോ. ജേക്കബ് എബ്രഹാം, ഡോ. ജിജി കുരുട്ടുകുളം, ഡോ. സജി കുരുട്ടുകുളം, ഡോ. സി.കെ ശൈലജ ഉൾപ്പെടെയുള്ളവർ ചേർന്ന് ഗുരുവിനെ പൊന്നാട അണിയിച്ചു. ന്യൂമാൻ കോളേജിലെ സഹപ്രവർത്തകരായിരുന്ന അധ്യാപകർ, തൊടുപുഴ ലയൺസ് ക്ലബ് അംഗങ്ങൾ ഉൾപ്പെടെ പ്രൗഢമായ സദസായിരുന്നു ജോൺസാറിന് പിറന്നാൾ ആശംസകൾ നേരുവാൻ എത്തിയിരുന്നത്.