തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വികസനം ഏറ്റവും പ്രധാനപ്പെട്ടതെന്ന് ധനമന്ത്രി. ലോകത്തെ പ്രധാന തുറമുഖങ്ങളുടെ മാതൃകയിൽ വിഴിഞ്ഞം പദ്ധതി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തയാറാകുന്നതായി അറിയിച്ചു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്രാൻസ് ഷിപ്‌മെൻറ് കണ്ടെയ്‌നർ തുറമുഖങ്ങളിലൊന്നായി വിഴിഞ്ഞത്തിന് മാറാൻ കഴിയുമെന്ന് ധനമന്ത്രി പറഞ്ഞു.
വഴിഞ്ഞം തുറമുഖത്തിന് ചുറ്റുമായി വ്യവസായി ഇടനാഴിക്കായി കിഫ്ബി വഴി 1000 കോടി അനുവദിച്ചു. ഇടനാഴിക്ക് ഒപ്പം താമസ സൗകര്യങ്ങളും അനുവദിക്കും. കൊച്ചിയിലും തിരുവനന്തപുരത്തും ഗ്രീൻ ഹൈഡ്രജൻ ഹബ്ബിനായി 200 കോടി രൂപ അനുവദിച്ചു. തിരുവനന്തപുരത്ത് ഡിജിറ്റൽ സയൻസ് പാർക്ക് മെയ് മാസം പ്രവർത്തനം ആരംഭിക്കുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. മെയ്ക് ഇൻ കേരള പദ്ധതിക്ക് 100 കോടി രൂപ അനുവദിച്ചു. ഇതിലൂടെ കാർഷിക സംരംഭങ്ങൾക്ക് പിന്തുണ നൽകും.