തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ അജിത് കുമാർ കള്ളപ്പണം വെളുപ്പിച്ചുവെന്ന ആരോപണവുമായി എം.എൽ.എ പി.വി അൻവർ. സോളാർ കേസ് അട്ടിമറിക്കാനായി ലഭിച്ച പണം കൊണ്ട് കവടിയാർ വില്ലേജിൽ അജിത് കുമാർ ഫ്ലാറ്റ് വാങ്ങിയെന്നാണ് അൻവറിന്‍റെ ആരോപണം.

2016 ഫെബ്രുവരി 19ന് കവടിയാർ വില്ലേജിൽ 33.80 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഫ്ലാറ്റ് പത്തു ദിവസത്തിനു ശേഷം 65 ലക്ഷം രൂപയ്ക്ക് വിറ്റു. ഈ മാജിക് എന്താണെന്ന് വിജിലൻസ് അന്വേഷിക്കട്ടെ.

ഈ പണം എവിടെ നിന്ന് ലഭിച്ചുവെന്ന് അറിയേണ്ടതാണ്. ആ ഫ്ലാറ്റിൽ ആരാണ് താമസിക്കുന്നതെന്നും അന്വേഷിക്കേണ്ടതുണ്ട്. അന്ന് ഫ്ലാറ്റിന്‍റെ വില 55 ലക്ഷം രൂപയാണ് എന്നിട്ടും എന്തിനാണ് അജിത് കുമാറിന് വെറും 33 ലക്ഷം രൂപയ്ക്ക് വിറ്റത്. ഇത് ഗെയിമാണെന്നും അൻവർ കുറ്റപ്പെടുത്തി.
ഫ്ലാറ്റ് വാങ്ങിയതും വിറ്റതും തമ്മിൽ 32 ലക്ഷത്തിന്‍റെ അന്തരമാണുള്ളത്. 32 ലക്ഷം രൂപയുടെ കള്ളപ്പണം വെളുപ്പിക്കുകയാണ് ഫ്ലാറ്റ് വാങ്ങി വിറ്റതിലൂടെ അജിത് കുമാർ ചെയ്തതെന്നും അൻവർ ആരോപിച്ചു.