മലപ്പുറം: വിവാദങ്ങൾക്കിടെ ഫെയ്സ് ബുക്കിലെ കവർ ചിത്രം മാറ്റി നിലമ്പൂർ എം.എൽ.എ പി.വി അൻവർ. നേരത്തെ മുഖ്യമന്ത്രിക്കൊപ്പം സ്റ്റേജിലേക്ക് കയറുന്ന ചിത്രമായിരുന്നു കവറായി ഇട്ടിരുന്നത്. അത് മാറ്റി ജനങ്ങൾക്കൊപ്പമുള്ള ചിത്രമാക്കി. സി.പി.എം സെക്രട്ടേറിയറ്റിന്‍റെ നിർദേശത്തെ തുടർന്ന് അൻവർ പരസ്യ പ്രസ്താവന അവസാനിപ്പിക്കുന്നതായി വ്യക്തമാക്കിയിരുന്നു.
അതിന് പിന്നാലെയാണ് കവർ ചിത്രം നീക്കം ചെയ്തത്. നിരവധി പേരാണ് ചിത്രത്തിന് താഴെ അൻവറിന് പിന്തുണ അറിയിച്ചുകൊണ്ട് കമന്‍റുമായി എത്തിയിരിക്കുന്നത്. എ.ഡി.ജി.പി എം.ആർ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും എതിരെയായിരുന്നു അൻവറിന്‍റെ ആരോപണം.
എന്നാൽ പി ശശിയെ പിന്തുണച്ചും അൻവറിനെ തള്ളിയും മുഖ്യമന്ത്രി പരസ്യമായി രംഗത്തെത്തി. അൻവറിന്‍റെ പശ്ചാത്തലം കോൺഗ്രസ് പശ്ചാത്തലമാണെന്നും അൻവറിന് സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന പരോഷ സൂചനയും മുഖ്യമന്ത്രി നൽകിയിരുന്നു.
പിന്നാലെ സി.പി.എം സെക്രട്ടേറിയേറ്റ് പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് അൻവർ കവർ ചിത്രം മാറ്റിയത്.