കൊച്ചി: നടൻ സിദ്ദിഖിനെതിരായ ലൈംഗികാതിക്രമ കേസിൽ മുൻകൂർ ജാമ‍്യപേക്ഷ തള്ളി ഹൈക്കാടതി. ജസ്റ്റിസ് സി.എസ് ഡയസ് അധ‍്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്.
ഇതോടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്നാണ് വിവരം. മുൻകൂർ ജാമ‍്യപേക്ഷയിൽ നേരത്തെ വാദം കേട്ട കോടതി വിധി പറയുന്നത് മാറ്റിവയ്ക്കുകയായിരുന്നു.
സമാന ആരോപണങ്ങൾ നേരിട്ട മറ്റ് ഹർജിക്കാർക്ക് ഹൈക്കോടതി നേരത്തെ ജാമ‍്യം അനുവദിച്ചിരുന്നു. നടി ബലാത്സംഗം മുൻപ് ഉന്നയിച്ചിരുന്നില്ലെന്നും പരാതി അടിസ്ഥാനരഹിതമാണെന്നും ഹർജിക്കാരനായി ഹാജരായ മുതിർന്ന അഭിഭാഷകൻ ബി രാമൻ പിള്ള വാദിച്ചു.
2012ൽ സംഭവം നടന്നുവെന്നാണ് ആരോപണം. കെട്ടിച്ചമച്ച കഥയാണ് പരാതിക്കാരി ഉന്നയിച്ചതെന്നാണ് സിദ്ദിഖിന്‍റെ ആരോപണം.എന്നാൽ ഇരുവരും മസ്ക്കറ്റ് ഹോട്ടലിൽ എത്തിയതിന് തെളിവുകളുണ്ടെന്ന് സർക്കാരിനായി ഹാജരായ പബ്ലിക്ക് പ്രോസിക‍്യൂട്ടർ പി. നാരായണൻ വാദിച്ചു.
സിനിമയുടെ സ്ക്രീനിംഗുമായി ബന്ധപ്പെട്ടുള്ള തെളിവുകളും ഇരുവരും സംഭവ ദിവസം മസ്ക്കറ്റ് ഹോട്ടലിൽ എത്തിയതിന്‍റെയും തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
സാഹചര‍്യ തെളിവുകൾ സിദ്ദിഖിന് എതിരായതിനെ തുടർന്ന് 376ആം വകുപ്പ് ചുമത്തി മ‍്യൂസിയം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് അന്വേഷണ സംഘത്തിന് കേസ് കൈമാറുകയായിരുന്നു.