മുട്ടം: ഒക്ടോബർ നാലിന് നടക്കുന്ന പോളിടെക്നിക് കോളേജ് യൂണിയൻ തി തെരഞ്ഞെടുപ്പ് നോമിനേഷൻ സംബന്ധിച്ച് തർക്കത്തെ തുടർന്ന് പ്രിൻസിപ്പലിനെ എസ്.എഫ്.ഐ ഉപരോധിച്ചു.
മുട്ടം പോളിടെക്നിക് പ്രിൻസിപ്പൽ മായയെയാണ് തടഞ്ഞ് വെച്ചത്. തുടർന്ന് കെ.എസ്.യു – എസ്.എഫ്.ഐ നേതാക്കളുമായി നടത്തിയ ചർച്ചക്ക് ഒടുവിൽ രാത്രി ഏഴ് മണിയോടെ ഉപരോധം അവസാനിപ്പിച്ചു. ജനറൽ സെക്രട്ടറി പോസ്റ്റിലേക്ക് കെ.എസ്.യു നൽകിയ നോമിനേഷൻ തള്ളണമെന്ന് ആവശ്യപ്പെട്ടായിരുന്നു എസ്.എഫ്.ഐ ഉപരോധം.
സ്ഥാനാർത്ഥിയെ പിന്താങ്ങിയ വ്യക്തിയുടെ പേരിലെ അക്ഷരത്തെറ്റ് ആരോപിച്ചായിരുന്നു പരാതി. എന്നാൽ ഇരുകൂട്ടരുടേയും സാന്നിധ്യത്തിൽ നോമിനേഷൻ പരിശോധിച്ച് അംഗീകരിച്ച് കഴിഞ്ഞതിനാൽ നോമിനേഷൻ തള്ളാനാവില്ലെന്ന് കോളേജ് അധികാരികൾ നിലപാട് എടുത്തു. സംഘർഷാവസ്ഥ കണക്കിലെടുത്ത് മുട്ടം, തൊടുപുഴ സ്റ്റേഷനുകളിൽ നിന്നുൾപ്പടെ വലിയ പോലീസ് സംഘം കോളേജിൽ എത്തിയിരുന്നു.