കരിമണ്ണൂർ: സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി, ഹോളി ഫാമിലി എൽ.പി സ്കൂളുകളുടെ നവതി വാർഷിക ആഘോഷങ്ങളുടെ ഭാഗമായി 22, 23 തീയതികളിൽ ജ്യോതിശാസ്ത്ര – ചരിത്ര പ്രദർശനങ്ങൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഐ.എസ്.ആർ.ഒ നേതൃത്വം നൽകുന്ന ‘ആസ്ട്രൽ ബ്ലേസ്’ ജ്യോതിശാസ്ത്ര പ്രദർശനത്തിൽ ബഹിരാകാശ ഗവേഷണങ്ങളെക്കുറിച്ച് കുട്ടികളിലും പൊതുജനങ്ങളിലും അവബോധം സൃഷ്ടിക്കുക, കുട്ടികളിൽ ശാസ്ത്ര – സാങ്കേതിക അഭിരുചി പ്രോൽസാഹിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
രാവിലെ 10 മുതൽ വൈകിട്ട് നാല് വരെ ഹയർ സെക്കൻഡറി ബ്ലോക്കിൽ നടക്കുന്ന സൗജന്യ പ്രദർശനത്തോടൊപ്പം വിദ്യാലയത്തിലെ ചരിത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ചരിത്ര – സാംസ്കാരിക പ്രദർശനം വിന്റജ് വൈബ്സും സംഘടിപ്പിച്ചിരിക്കുന്നു. ഐ.എസ്.ആർ.ഒ വികസിപ്പിച്ച റോക്കറ്റുകളുടെയും ഉപഗ്രഹങ്ങളുടെയും മോഡലുകളാണ് പ്രദർശിപ്പിക്കുന്നത്. കുട്ടികൾക്ക് ഐ.എസ്.ആർ.ഒ പ്രതിനിധികളിൽ നിന്ന് സംശയ നിവാരണത്തിനും സംവദിക്കുന്നതിനും അവസരമുണ്ട്.
ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലെ എല്ലാ കോളേജുകളിലെയും സ്കൂളുകളിലെയും വിദ്യാർത്ഥികളെയും അധ്യാപകരെയും ശാസ്ത്രാഭിരുചിയുള്ള മുഴുവൻ പേരെയും പ്രദർശന മേളയിലേക്ക് സ്വാഗതം ചെയ്യുന്നതായി സ്കൂൾ മാനേജർ റവ. ഡോ. സ്റ്റാൻലി പുൽപ്രയിൽ, പ്രിൻസിപ്പൽ ബിസോയ് ജോർജ്, ഹെഡ്മാസ്റ്റർ സജി മാത്യു ഹോളി ഫാമിലി സ്കൂൾ ഹെഡ്മാസ്റ്റർ തോബിയാസ് കെ.റ്റി എന്നിവർ അറിയിച്ചു.
പ്രമുഖ ആണവ ശാസ്ത്രജ്ഞനും വാഴക്കുളം വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പലുമായ ഡോ. കെ.കെ രാജൻ ബഹിരാകാശ പ്രദർശനം 22ന് ഉദ്ഘാടനം ചെയ്യും. കോട്ടയം ആർ.ഡി.ഡി വിജി പി.എൻ മുഖ്യ അഥിതിയായി പങ്കെടുക്കും. പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞൻ ഡോ. ജോ ജേക്കബ് സെമിനാർ അവതരിപ്പിക്കും. ഐ.എസ്.ആർ.ഒ പ്രതിനിധികൾ പങ്കെടുക്കും.
കോതമംഗലം രൂപതാ വികാരി ജനറാളും ചരിത്ര പണ്ഡിതനുമായ മോൺസിഞ്ഞോർ ഡോ. പയസ് മലേക്കണ്ടം 23ന് ചരിത്ര പ്രദർശനം ഉദ്ഘാടനം നിർവഹിക്കും. കോതമംഗലം കോർപ്പറേറ്റ് എഡ്യൂക്കേഷൻ സെക്രട്ടറി റവ. ഫാ. മാത്യു മുണ്ടക്കൽ മുഖ്യാതിഥി ആയിരിക്കും. സ്കൂൾ പ്രിൻസിപ്പൽ ബിസോയി ജോർജ്, ചരിത്ര അദ്ധ്യാപകനും ഗവേഷകനുമായ ടോം ജോസ് മേലുകാവ് എന്നിവർ സെമിനാർ പേപ്പറുകൾ അവതരിപ്പിക്കും.