ഇടുക്കി: അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനത്തോട് അനുബന്ധിച്ച് സന്നദ്ധ രക്ഷാ പ്രവർത്തക സേനയായ അപ്ദമിത്ര പ്രവർത്തകരെ ആദരിച്ചു. ജില്ലാ കളക്ടർ വി. വിഘ്നേശ്വരി ആപ്ദമിത്ര പ്രവർത്തകർക്കുള്ള ബാഡ്ജ് ഓഫ് ഓണർ സമ്മാനിച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി, ഇടുക്കി ഫയർ റെസ്ക്യൂ വിഭാഗം, ജില്ലാ ആരോഗ്യ വിഭാഗം എന്നിവ സംയുക്തമായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചത്. സന്നദ്ധ പ്രവർത്തകർക്കായി ഏകദിന പരിശീലന പരിപാടി, ജില്ലയിലെ എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ചിത്രരചനാ മത്സരം എന്നിവയും അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനത്തോട് അനുബന്ധിച്ച് നടന്നു.
ജില്ലാ ഹസാർഡ് അനാലിസ്റ്റ് രാജീവ് റ്റി.ആർ, ദുരന്ത നിവാരണ വിഭാഗം ജൂനിയർ സൂപ്രണ്ട് നാരായണൻകുട്ടി പി.ബി, ഡി.എം പ്ലാൻ ജില്ലാ കോർഡിനേറ്റർ കൃഷ്ണപ്രിയ, സീനിയർ ക്ലർക്ക് ഷാമോൻ സി.എസ്, ദുരന്ത നിവാരണ വിഭാഗത്തിലെ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.