Timely news thodupuzha

logo

ശബരിമലയിൽ നിന്ന് മാധ്യമങ്ങളെ ഒഴിവാക്കാൻ നീക്കം

കൊച്ചി: ശബരിമലയിൽ നിന്ന് മാധ്യമങ്ങളെ മുഴുവൻ ഒഴിവാക്കാൻ ഗൂഢ നീക്കം. ശബരിമലയിലെ ദൃശ്യങ്ങൾ ദേവസ്വം ബോർഡ് വഴി എല്ലാ മാധ്യമങ്ങൾക്കും നൽകാനും അതുവഴി മാധ്യമങ്ങളെ സന്നിധാനത്ത് നിന്ന് ഒഴിവാക്കാനുമുള്ള ഗൂഢ നീക്കമാണ് അണിയറയിൽ നടക്കുന്നത്.

ദേവസ്വം ബോർഡിന്‍റെ നേതൃത്വത്തിൽ ഇതിനു മുന്നോടിയായി യു ട്യൂബ് ചാനലും ആരംഭിച്ചു. യു ട്യൂബ് ചാനൽ ആരംഭിച്ച ശേഷം ഘട്ടംഘട്ടമായി മാധ്യമങ്ങളെ സന്നിധാനത്ത് നിന്ന് ഒഴിവാക്കാനുള്ള നീക്കമാണ് നടക്കുന്നത്.

ഇതിന്‍റെ ഭാഗമായാണ് അക്രെഡിറ്റേഷൻ ഉള്ള മാധ്യമപ്രവർത്തകരെ മാത്രം സന്നിധാനത്ത് ഡ്യൂട്ടിക്ക് നിയോഗിച്ചാൽ മതിയെന്ന ഹൈക്കോടതി ഉത്തരവ് സമ്പാദിച്ചത്.

ശബരിമലയുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും ദേവസ്വം ബഞ്ചിനെ തെറ്റിദ്ധരിപ്പിച്ചാണ് ദേവസ്വം ബോർഡ് നിക്ഷിപ്ത താൽപര്യങ്ങൾ നടപ്പാക്കി വരുന്നതെന്നാണ് ആക്ഷേപം. അക്രെഡിറ്റേഷൻ ഉള്ള മാധ്യമപ്രവർത്തകർക്ക് മാത്രം സന്നിധാനത്ത് ഡ്യൂട്ടിക്കായി മുറി അനുവദിക്കാവൂയെന്നും ഇവരുടെ അക്രെഡിറ്റേഷൻ പകർപ്പ് നേരത്തെ വാങ്ങി വച്ച ശേഷമേ ഡ്യുട്ടിക്ക് അനുവാദം നൽകാവൂ എന്നുമാണ് ഹൈക്കോടതി ഉത്തരവ്.

എന്നാൽ സംസ്‌ഥാനത്ത്‌ എൺപത് ശതമാനം മാധ്യമപ്രവർത്തകർക്കും അക്രെഡിറ്റേഷൻ ഇല്ല. ഈ സാഹചര്യത്തിൽ ബഹുഭൂരിപക്ഷം മാധ്യമപ്രവർത്തകർക്കും ശബരിമലയിൽ ഡ്യൂട്ടി ചെയ്യാനാവില്ല.

യാഥാർത്ഥ്യം ഇതായിരിക്കെ കോടതിയെ ഇത് ബോധ്യപ്പെടുത്താനോ സ്റ്റേ ഉത്തരവ് വാങ്ങാനോ ദേവസ്വം ബോർഡ് ഇതുവരെ തയാറായിട്ടുമില്ല. കഴിഞ്ഞ മണ്ഡല, മകരവിളക്ക് കാലത്ത് ഡി.വൈ.എഫ്.ഐ, സി.പി.എം അനുയായികളെ വ്യാപകമായി താത്‌കാലിക ജോലിക്ക് തിരുകിക്കയറ്റിയിരുന്നു.

പൊലീസ് സേനയിൽ പോലും പരിചയ സമ്പന്നരായ ഉദ്യോഗസ്‌ഥരെയും പൊലീസുകാരെയും മാറ്റി നിർത്തിയിരുന്നു. പതിനെട്ടാംപടിയിൽ പോലും പരിചയമില്ലാത്ത ജീവനക്കാരെയാണ് നിയോഗിച്ചിരുന്നത്.

ഇത് മൂലം മണിക്കൂറുകളോളം ക്യൂ നിന്ന് അയ്യപ്പഭക്തർ തളർന്ന് വീഴുകയും ചെയ്തിരുന്നു. ഇത്തരം വാർത്തകൾ പുറത്ത് വരരുതെന്ന അജണ്ടയും ദേവസ്വം ബോഡിന്‍റെയും സർക്കാരിന്‍റെയും നീക്കങ്ങൾക്ക് പിന്നിലുണ്ട്.

ശബരിമലയിൽ ഇരുട്ടിന്‍റെ മറവിൽ യുവതികളെ പ്രവേശിപ്പിക്കാൻ സർക്കാർ നടത്തിയ നീക്കങ്ങളും തുടർന്നുണ്ടായ ഭക്തരുടെ പ്രതിഷേധവും മാധ്യമങ്ങൾ ഇടതടവില്ലാതെ ജനങ്ങളെ അറിയിച്ചിരുന്നു. അന്ന് മുതലേ മാധ്യമങ്ങളെ ശബരിമലയിൽ നിന്നൊഴിവാക്കാൻ സർക്കാർ ഒളിഞ്ഞും തെളിഞ്ഞും ശ്രമങ്ങൾ ആരംഭിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *