Timely news thodupuzha

logo

എ.ഡി.ജി.പി എം.ആർ അജിത്ത് കുമാറിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നൽകേണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി

തിരുവനന്തപുരം: വിവിധ ആരോപണങ്ങളിൽ അന്വേഷണം നേരിടുന്ന എ.ഡി.ജി.പി എം.ആർ അജിത്ത് കുമാറിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നൽകേണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിൻറെ നിർദേശം.

അന്വേഷണം നേരിടുന്നതിനാൽ മെഡൽ തൽക്കാലം നൽകേണ്ടെന്നാണ് ഡി.ജി.പിയുടെ തീരുമാനം. അജിത് കുമാറിന് ഇനി ഒരു അറിയിപ്പ് വരുന്നതുവരെ പൊലീസ് മെഡൽ നൽകേണ്ടെന്നാണ് ഉത്തരവിൽ പറയുന്നത്.

ഇന്ന് മുഖ്യമന്ത്രിയുടെ മെഡൽ ദാന ചടങ്ങ് നടക്കാനിരിക്കെയാണ് പൊലീസ് മേധാവിയുടെ നടപടി. അന്വേഷണം നേരിടുന്ന സാഹചര്യത്തിൽ അജിത്ത് കുമാറിന് മെഡൽ നൽകേണ്ടെന്ന് മുഖ്യമന്ത്രിക്ക് ഡി.ജി.പി കത്തയക്കുകയായിരുന്നു.

പൊലീസ് മെഡൽ പ്രഖ്യാപിച്ചാലും അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് മെഡൽ നൽകാറില്ല. തൃശൂർ പൂരം കലക്കൽ, ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച ഉൾപ്പെടെയുള്ള ആരോപണങ്ങളെ തുടർന്നാണ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി പിയായിരുന്ന അജിത്ത് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കിയത്.

വിവിധ ആരോപണങ്ങളിൽ അദ്ദേഹത്തിനെതിരേ അന്വേഷണവും നടക്കുന്നുണ്ട്. രണ്ട് ഐ.പി.എസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 267 പേർക്കാണ് ഇത്തവണ പൊലീസ് മെഡൽ.

ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ അജിത് കുമാർ, സൈബർ ഡിവിഷൻ സൂപ്രണ്ട് ഹരിശങ്കർ എന്നിവരായിരുന്നു മെഡലിന് അർഹരായ രണ്ട് ഐ.പി.എസ് ഉദ്യോഗസ്ഥർ.

സിവിൽ പൊലിസ് ഉദ്യോഗസ്ഥർ മുതൽ എ.ഡി.ജി.പി വരെയുള്ളവരെയാണ് പൊലീസ് മെഡലിനായി പരിഗണിക്കുന്നത്. കുറ്റാന്വേഷണം, ക്രമസമാധാനം, സൈബർ അന്വേഷണം, ബറ്റാലിയൻ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ളവരെ മെഡലിന് പരിഗണിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *