Timely news thodupuzha

logo

വിഴിഞ്ഞത്തിന് നൽകുന്ന ഫണ്ട് പലിശ സഹിതം തിരിച്ചടയ്ക്കണമെന്ന് കേന്ദ്ര സർക്കാർ

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന് ധനസഹായം നൽകുന്നതിൽ കേരളത്തെ വെട്ടിലാക്കി കേന്ദ്ര സർക്കാർ. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കത്തയച്ചു.

വിഴിഞ്ഞം പദ്ധതിക്ക് ആകെ നൽകാമെന്ന് പറഞ്ഞിരുന്ന 817.80 കോടി രൂപയുടെ വയബിലിറ്റി ഗ്യാപ് ഫണ്ടിങ്ങ്(വി.ജി.എഫ്) വായ്പയായാണ് നൽകുന്നതെന്നും കേരളം ഇത് പലിശ സഹിതം തിരിച്ചടയ്ക്കണമെന്നുമാണ് കേന്ദ്ര സർക്കാരിൻറെ പുതിയ നിലപാട്.

തമിഴ്‌നാട്ടിലെ തൂത്തുക്കുടി തുറമുഖത്തിനു വിജിഎഫ് അനുവദിച്ചപ്പോൾ നിഷ്‌കർഷിക്കാതിരുന്ന ഉപാധികളാണ് വിഴിഞ്ഞത്തിന് അടിച്ചേൽപ്പിച്ചതെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. വിഴിഞ്ഞം പദ്ധതി വിഹിതമായ 8,867 കോടി രൂപയിൽ 5,595 കോടി രൂപയും സംസ്ഥാന സർക്കാരാണ് നൽകുന്നത്.

ഇത്രയേറെ സാമ്പത്തിക പ്രതിസന്ധിയുള്ള കേരളം പോലൊരു ചെറിയ സംസ്ഥാനം ഏറെ ത്യാഗങ്ങൾ സഹിച്ചാണ് ഈ തുക കണ്ടെത്തുന്നത്. തുറമുഖ പദ്ധതി യാഥാർഥ്യമായാൽ കസ്റ്റംസ് ഡ്യൂട്ടിയായി പിരിച്ചെടുക്കുന്ന തുകയിൽ 60 പൈസയും കേന്ദ്രത്തിലേക്കാണ് പോകുന്നത്.

മൂന്ന് പൈസ മാത്രമാണ് കേരളത്തിന് ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി കത്തിൽ ഓർമിപ്പിച്ചു. വി.ജി.എഫ് ഫണ്ട് അനുവദിക്കുന്നതിൽ അന്യായ വ്യവസ്ഥ അടിച്ചേൽപ്പിച്ച് കേരളത്തോട് പകപോക്കുന്നതായി തുറുമുഖ മന്ത്രി വി.എൻ വാസവൻ കുറ്റപ്പെടുത്തി.

ഡിസംബറോടെ കമ്മിഷൻ ചെയ്യാനായിരുന്നു തീരുമാനം. കേന്ദ്രം ഇതുവരെ നയാപൈസ നൽകിയില്ല. വി.ജി.എഫ് നൽകുന്നത് വായ്‌പയായിട്ടാണ്. കേന്ദ്രം നൽകുന്ന 817 കോടിക്ക് തിരിച്ചടക്കേണ്ടി വരിക 10,000 കോടിയിലധികം രൂപയാണ്.

കേന്ദ്രം സ്വീകരിക്കുന്നത് വിവേചനപരമായ നിലപാടാണ്. വയബിലിറ്റി ഗ്യാപ് ഫണ്ടിങ്ങിൻറെ യുക്തിയെ തന്നെ നിരാകരിക്കുന്ന തീരുമാനമാണിതെന്നും മന്ത്രി ആരോപിച്ചു. വിഴിഞ്ഞം തുറമുഖ കരാർ അനുസരിച്ച് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന് നൽകേണ്ടിയിരുന്നത് 1,635 കോടി രൂപ.

ഇതനുസരിച്ച് ഇരു സർക്കാരുകളും 817.8 കോടി രൂപ വീതം നൽകി. എന്നാൽ കേന്ദ്ര സർക്കാർ അനുവദിച്ച വിഹിതം വായ്പയാണെന്നും ഇത് തിരിച്ചടയ്ക്കണമെന്നും കഴിഞ്ഞയാഴ്ചയാണ് സംസ്ഥാന സർക്കാരിന് കത്ത് ലഭിച്ചത്. തിരിച്ചടവ് കാലാവധിയും പലിശയും പരിഗണിച്ചാൽ 12,000 കോടി രൂപയോളം സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാകുമെന്നാണ് കണക്ക്.

വിഴിഞ്ഞത്തിൻറെ സാധ്യത – ട്രയൽ റൺ വേളയിൽ തന്നെ 40ലേറെ കണ്ടെയ്നർ കപ്പലുകൾ വിഴിഞ്ഞത്ത് അടുത്തതും 80,000ത്തോളം കണ്ടെയ്നറുകൾ കൈകാര്യം ചെയ്തതും തുറമുഖത്തിൻറെ സാധ്യത വ്യക്തമാക്കുന്നു. അന്താരാഷ്‌ട്ര കപ്പൽ ചാലിൽ നിന്ന് 10 നോട്ടിക്കൽ മൈൽ മാത്രം അകലെയാണ് വിഴിഞ്ഞം.

ഇന്ത്യൻ കണ്ടെയ്‌നർ നീക്കത്തിൻറെ 75 ശതമാനവും നിലവിൽ ശ്രീലങ്കയിലെ കൊളംബോ തുറമുഖമാണ്‌ കൈകാര്യം ചെയ്യുന്നത്‌. വലിയ തോതിലുള്ള വിദേശനാണ്യ നഷ്ടവും വരുമാന നഷ്ടവുമാണ് ഇതുമൂലം രാജ്യത്തിന്‌ സംഭവിക്കുന്നത്. പ്രതിവർഷം ഇന്ത്യയ്ക്ക്‌ നഷ്ടമാകുന്നത്‌ 2,000 കോടിയോളം രൂപയാണ്.

വൻകിട ചരക്കു കപ്പലുകൾക്ക് ബർത്ത് ചെയ്യാൻ സാധിക്കുന്ന ലോകത്തിലെ വൻകിട തുറമുഖങ്ങളിലൊന്നായി വിഴിഞ്ഞം മാറുന്നതോടെ കൊളംബോ തുറമുഖം കൈകാര്യം ചെയ്തിരുന്ന നല്ലൊരു ഭാഗം ഇന്ത്യൻ ട്രാൻസ്ഷിപ്പ്‌മെൻറ് കാർഗോ ഇവിടെയെത്തും.

Leave a Comment

Your email address will not be published. Required fields are marked *