Timely news thodupuzha

logo

ആർ.എസ്.എസ് നേതാവ് അശ്വിനി കുമാർ വധക്കേസിൽ 13 പ്രതികളെ വെറുതെ വിട്ടു; മൂന്നാം പ്രതി കുറ്റക്കാരൻ

കണ്ണൂർ: ആർഎസ്എസ് നേതാവ് അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്നാം പ്രതി ചാവശേരി സ്വദേശി എം.വി. മർഷൂക്ക് ഒഴികെ ബാക്കി 13 എൽ.ഡി.എഫ് പ്രവർത്തകരെ വെറുതെ വിട്ട് തലശേരി അഡീഷണൽ സെക്ഷൻസ് കോടതി. 13 എൽ.ഡി.എഫ് പ്രവർത്തകരെ വെറുതെവിട്ടതിനെതിരെ അപ്പീൽ നൽകുമെന്ന് പ്രോസിക്യൂഷൻ പ്രതികരിച്ചു. അന്വേഷണത്തിൽ വീഴ്ച ഉണ്ടായെന്നും മേൽക്കോടതിയെ സമീപിക്കുമെന്നും പ്രോസിക്യുഷൻ പറഞ്ഞു.

കേസിൽ സർക്കാർ പോപ്പുലർ ഫ്രണ്ടുമായി ഒത്തുകളിച്ചതെന്ന് കെ സുരേന്ദ്രൻ വിമർശിച്ചു. പ്രോസിക്യൂഷൻ പ്രതികളെ സഹായിച്ചുവെന്നും കുറ്റകരമായ അനാസ്ഥ പൊലീസും പ്രോസിക്യുഷനും കാണിച്ചെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു. അസീസ്(44), നൂഹുൽഅമീൻ(42), എം.വി.മർഷൂക്ക്(40), പി.എം.സിറാജ്(44), സി.പി.ഉമ്മർ(42), എം.കെ.യൂനുസ്(45), ആർ.കെ.അലി(47), പി.കെ.ഷമീർ(40), കെ.നൗഫൽ(41), ടി യാക്കൂബ്(43), മുസ്തഫ(49), ബഷീർ(55), കെ.ഷമ്മാസ്(37), കെ. ഷാനവാസ്(37) എന്നിവരാണ് കേസിലെ പ്രതികൾ. ഇവർ എൻഡിഎഫ് പ്രവർത്തകരായിരുന്നു.

2005 മാർച്ച് പത്തിന് രാവിലെ കണ്ണൂരിൽ നിന്ന് പേരാവൂരിലേക്ക് സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്നു അശ്വനി കുമാർ. പയ്യഞ്ചേരി മുക്കിൽ വെച്ച് അക്രമി സംഘം ബസ് തടഞ്ഞു.

ബസിലുണ്ടായിരുന്ന അക്രമികളും പിന്തുടർന്നെത്തിയ സംഘവും ചേർന്ന് വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. ബസിൻറെ മുന്നിലും പുറകിലും ബോംബെറിഞ്ഞ് ഭീതി പരത്തിയതിന് ശേഷമായിരുന്നു കൊലപാതകം. കൊലയാളികളിൽ നാലുപേർ ബസിലും മറ്റുള്ളവർ ജീപ്പിലുമാണെത്തിയത്.

അശ്വിനി കുമാറിനെ വധിച്ചതിന് പിന്നാലെ കണ്ണൂർ ജില്ലയിൽ വ്യാപകമായ അക്രമ സംഭവങ്ങളുണ്ടായി. പി.കെ മധുസൂദനൻറെ നേതൃത്വത്തിൽ ക്രൈബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിച്ചത്. 2009 ജൂലൈ 31ന് കുറ്റപത്രം സമർപ്പിച്ചു. 2020ലാണ് വിചാരണ ആരംഭിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *