കൊല്ലം: കരുനാഗപ്പള്ളി പള്ളിക്കലാറില്‍ വള്ളം മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു. കല്ലേലിഭാഗം സ്വദേശികളായ ശ്രീരാഗ്(24), അജിത്(23) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മീന്‍ പിടിക്കാനായാണ് നാല് യുവാക്കള്‍ പള്ളിക്കലാറില്‍ എത്തിയത്. ഇതിനിടെയാണ് ഒഴുക്കില്‍പ്പെട്ട് വള്ളം മറിഞ്ഞത്.
രണ്ട് പേര് നീന്തി രക്ഷപ്പെട്ടു. കരുനാഗപ്പള്ളിയില്‍ നിന്ന് അഗ്നിശമന സേനയുടെ സ്കൂബ ടീം എത്തിയാണ് രണ്ട് പേരെ കണ്ടെത്തിയത്. ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടർച്ചയായി പെയ്ത മഴയിൽ ആറ്റിൽ ഒഴുക്ക് കൂടുതലായിരുന്നു. രക്ഷാപ്രവർത്തനത്തിനും മഴ വെല്ലുവിളിയായി.