Timely news thodupuzha

logo

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍: ശിശുദിനത്തില്‍ പഞ്ചായത്തുകളില്‍ കുട്ടികളുടെ ഹരിതസഭ

ഇടുക്കി: മാലിന്യ പരിപാലനത്തില്‍ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളില്‍ ശിശുദിനത്തില്‍ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിക്കും. മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഹരിതസഭയില്‍ ജില്ലയിലെ എല്ലാ സ്‌കൂളുകളിലെയും കുട്ടികള്‍ പങ്കെടുക്കും.ആണ്‍കുട്ടികളും പെണ്‍കുട്ടികളും തുല്യാനുപാതത്തില്‍ ഹരിതസഭയുടെ ഭാഗമാകും.200 കുട്ടികളെ പങ്കെടുപ്പിച്ചാകും ഒരു ഗ്രാമസഭ നടക്കുക.വിദ്യാലയങ്ങളിലെ ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ചുമതലയുള്ള നോഡല്‍ ഓഫീസര്‍മാരായ അധ്യാപകരും ഹരിതസഭയുടെ ഭാഗമാകും.കുട്ടികളുടെ ഹരിതസഭ പൂര്‍ണ്ണമായും ഹരിത ചട്ടങ്ങള്‍ പാലിച്ചാണ് സംഘടിപ്പിക്കുന്നത്.

എല്ലാ മാലിന്യ പ്രശ്‌നങ്ങളും ഹരിതസഭയില്‍ – വിദ്യാലയങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ അതത് തദ്ദേശ സ്വയംഭരണ പ്രദേശത്തെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട സ്ഥിതി വിലയിരുത്തി റിപ്പോര്‍ട്ട് തയ്യാറാക്കി ഹരിത സഭയില്‍ അവതരിപ്പിക്കും.സ്‌കൂളിലെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ നിരീക്ഷണങ്ങള്‍, മാലിന്യം കൈകാര്യം ചെയ്യുന്ന രീതി, മാലിന്യം കത്തിക്കുന്നതും വലിച്ചെറിയുന്നതുമായ പ്രശ്‌നങ്ങള്‍,നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ ഉപയോഗം , നിലവിലുള്ള വെല്ലുവിളികള്‍, ദ്രവ മാലിന്യ സംസ്‌കരണ രംഗത്തെ പ്രശ്‌നങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ഹരിത സഭ ചര്‍ച്ച ചെയ്യും. കുട്ടികളുടെ ഹരിതസഭ നിയന്ത്രിക്കുന്നത് തിരഞ്ഞെടുക്കപ്പെട്ട 11. 12 ക്ലാസുകളിലെ വിദ്യാര്‍ഥികളായ എന്‍ .എസ്. എസ് വോളന്റിയര്‍മാരാണ്.കുട്ടികളുടെ ഹരിതസഭയില്‍ ഹരിതകേരളം മിഷന്‍, ശുചിത്വമിഷന്‍, കില, ആര്‍ .ജി.എസ്.എ തുടങ്ങിയവയിലെ റിസോഴ്‌സ്‌പേഴ്‌സണ്‍മാരുടെ സേവനം പ്രയോജനപ്പെടുത്താം.

പ്രശ്‌നങ്ങള്‍ക്ക് മേല്‍ പഞ്ചായത്ത് നടപടി – ഹരിതസഭയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ കണ്ടെത്തിയതും ശേഖരിച്ചതുമായ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് പരിശോധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. വിദ്യാര്‍ഥികള്‍ക്ക് അവരവരുടെ വീട്ടിലെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും പോരായ്മകള്‍ കണ്ടെത്തി തദ്ദേശ സ്വയംഭരണ സ്ഥാപനത്തെ അറിയിക്കാനും ഹരിതസഭ പ്രയോജനപ്പെടുത്താം.

കുട്ടികള്‍ക്ക് ചോദ്യം ചെയ്യാം – തദ്ദേശസ്വയംഭരണ സ്ഥാപനം മാലിന്യ സംസ്‌കരണ രംഗത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങളും സംവിധാനങ്ങളും സംബന്ധിച്ച പരാതികളും ഓരോ പരാതിയിന്മേല്‍ തദ്ദേശസ്വയംഭരണ സ്ഥാപനം സ്വീകരിച്ച നടപടികളും സംബന്ധിച്ച് അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സഭയില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കണം.പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജനപ്രതിനിധികളോട് ചോദ്യം ചോദിക്കുന്നതിനുള്ള അവസരവുമുണ്ടാകും. രാവിലെ 10.00 മുതല്‍ വൈകുന്നേരം 4.00 മണി വരെയാണ് ഹരിതസഭ സംഘടിപ്പിക്കുന്നത്. സബ് ജില്ലാ കലോത്സവം നടക്കുന്ന തദ്ദേശസ്ഥാപനങ്ങളില്‍ ഹരിതസഭ നവംബര്‍ 18 ന് ആണ് സംഘടിപ്പിക്കുക.

Leave a Comment

Your email address will not be published. Required fields are marked *