ന്യൂഡൽഹി: ഇന്ത്യ ഉൾപ്പെടെ 14 രാജ്യങ്ങളിലെ പൗരന്മാർക്ക് വിസ നൽകുന്നത് താത്കാലികമായി നിർത്തി വച്ച് സൗദി അറേബ്യ. ഹജ്ജ് സീസൺ അവസാനിക്കുന്ന ജൂൺ പകുതി വരെയും സസ്പെൻഷൻ തുടരും. ഇതു പ്രകാരം ഈ രാജ്യങ്ങളിലെ പൗരന്മാർക്ക് ബിസിനസ്, ഉമ്ര, ഫാമിലി വിസകളൊന്നും നൽകില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.
ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഈജിപ്റ്റ്, ഇന്തോനേഷ്യ, ഇറാഖ്, നൈജീരിയ, അൾജീരിയ, സുഡാൻ, ജോർദാൻ, എത്യോപ്യ, ടുണീഷ്യ, യെമൻ, മൊറോക്കോ എന്നീ രാജ്യങ്ങളിലെ വിസയാണ് താത്കാലികമായി നിർത്തി വച്ചിരിക്കുന്നത്. കൃത്യമായ രജിസ്ട്രേഷൻ വഴിയല്ലാതെ വ്യക്തികൾ ഹജ്ജിനെത്തുന്നത് തടയുന്നതിനായാണ് നടപടി. നിലവിൽ ഉമ്ര വിസ ഉള്ളവർക്ക് ഏപ്രിൽ 13 വരെ സൗദിയിൽ പ്രവേശിക്കാം. ഉമ്ര, വിസിറ്റ് വിസകളിലെത്തുന്ന വിദേശികൾ കൃത്യമായ രജിസ്ട്രേഷൻ നടത്താതെ അനധികൃതമായി ഹജ്ജിൽ പങ്കെടുക്കുന്നത് പതിവാണെന്നാണ് റിപ്പോർട്ടുകൾ. ഇതുമൂലം ആൾത്തിരക്കും ചൂടും വർധിക്കും.
2024 ലെ ഹജ്ജിൽ 1200 തീർഥാടകരാണ് കൊല്ലപ്പെട്ടത്. ഓരോ രാജ്യങ്ങൾക്കും കൃത്യമായ ഹജ്ജ് സ്ലോട്ടുകളാണ് സൗദി അറേബ്യ നൽകുന്നത്. ഇതു വഴി തീർഥാടകരുടെ എണ്ണം നിയന്ത്രിക്കാൻ സാധിക്കും. അനധികൃതമായി ചിലർ കൂടി ഹജ്ജിനെത്തുന്നതാണ് ആൾത്തിരക്കുണ്ടാക്കുന്നത്. ബിസിനസ്, ഫാമിലി വിസകളിൽ എത്തുന്ന ചിലർ അനധികൃതമായി സൗദിയിൽ ജോലി ചെയ്യുന്നത് തടയാനും വിസ നിരോധനത്തിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്. ഉത്തരവ് ലംഘിക്കുന്നവർക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് 5 വർഷത്തേക്ക് വിലക്കും. അതേ സമയം നയതന്ത്ര വിസ, റെസിഡൻസി പെർമിറ്റ് എന്നിവയിൽ മാറ്റമുണ്ടാകില്ല. ജൂൺ 4 മുതൽ 9 വരെയാണ് ഈവർഷത്തെ ഹജ്ജ്.