ആലപ്പുഴ: ആർ.എസ്.എസിനെതിരെ ഗാന്ധി വധവുമായി ബന്ധപ്പെട്ട് അപകീർത്തികരമായ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് കോൺഗ്രസ് സി.പി.എം നേതാക്കൾക്കെതിരെ കേസുമായി ബി.ജെ.പി സംസ്ഥാന വക്താവ് ആർ സന്ദീപ് വാചസ്പതി. ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ, ആലപ്പുഴ എം.എൽ.എയും സി.പി.എം നേതാവുമായ പി.പി ചിത്തരഞ്ജൻ എന്നിവർക്കെതിരെ കേസ് ഫയൽ ചെയ്തു. അടുത്ത മാസം മൂന്നിലേക്ക് പരാതിക്കാരന്റെ മൊഴി എടുക്കാനായി കേസ് മാറ്റി.
ഫെയ്സ്ബുക്കിൽ ഗാന്ധിവധവുമായി ബന്ധപ്പെട്ട് ഇരുവരും ജനുവരി മുപ്പതിന് നടത്തിയ പരാമർശത്തിനെതിരെയാണ് കേസ്. സമൂഹത്തിൽ വേർതിരിവ് സൃഷ്ടിക്കാനും മത സ്പർദ്ധ വളർത്താനുമുള്ള ദുരുദ്യേശ്യത്തോട് കൂടിയാണ് രാജ്യത്തെ നീതിന്യായ കോടതികളും അന്വേഷണ കമ്മീഷനുകളും തള്ളിക്കളഞ്ഞ ആരോപണം വീണ്ടും ഉന്നയിച്ചതെന്നും സന്ദീപ് പരാതിയിൽ ആരോപിച്ചു.