ലഹരി മാഫിയയെ കയറൂരി വിടുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം കുമ്മനം രാജശേഖരൻ. സർക്കാർ ബഫർ സോൺ പ്രശ്നം ഇത്രയും വലിച്ചു നീട്ടി കീറാമുട്ടിയാക്കി മാറ്റിയത് സംസ്ഥാന സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. തുടക്കത്തിലെ പ്രശ്നം പരിഹരിക്കാതെ ഭയാശങ്ക സൃഷ്ടിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്തത്. വന്യജീവികളും മനുഷ്യരും തമ്മിൽ ഇത്രയും സംഘർഷപരമായ സാഹചര്യത്തിലേയ്ക്കെത്തിച്ചത് കേരളത്തിലെ സർക്കാരുകളുടെ ദുഷിച്ച വന നിയമങ്ങളാണെന്നും കുമ്മനം രാജശേഖരൻ കൂട്ടിച്ചേർത്തു.
ലഹരി മാഫിയയ്ക്ക് യഥേഷ്ടം വിഹരിക്കാൻ സർക്കാർ അവസരമൊരുക്കുകയാണ്. മറ്റു സംസ്ഥാനങ്ങളിൽ ഈ പ്രശ്നമില്ല. ഇച്ഛാശക്തിയില്ലാത്ത ഒരു സർക്കാർ കേരളത്തിൽ ഇല്ലാത്തതാണ് ഇതിന് കാരണം. പല പദ്ധതികൾക്കായി കേന്ദ്രത്തിൽ നിന്നും ഫണ്ട് നൽകുന്നുണ്ടെങ്കിലും കേരളത്തിൽ പ്രത്യുൽപ്പാദനപരമായി സർക്കാർ ഒന്നും ചെയ്യുന്നില്ല. എപ്പോഴും കേന്ദ്രത്തോട് കടം വാങ്ങുന്ന ഭിക്ഷാടകരെ പോലെ കൈ നീട്ടുകയാണ്. സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ ബജറ്റിനെതിരെ എല്ലാ കളക്ടറേറ്റുകളിലേയ്ക്കും ബി.ജെ.പി പ്രക്ഷോഭം സംഘടിക്കുമെന്നും വിവിധ തലങ്ങളിൽ ജനകീയ പ്രതിഷേധം ഉയർത്തുമെന്നും കട്ടപ്പനയിൽ ബി.ജെ.പി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ കുമ്മനം സൂചിപ്പിച്ചു.
ജില്ലാ പ്രസിഡന്റ് കെ.എസ് അജി അധ്യക്ഷത വഹിച്ച പരിപാടിയിൽ ബി.ജെ.പി സംസ്ഥാന സെക്രട്ടറി ഡോ രേണു സുരേഷ്, മധ്യമേഖല പ്രസിഡന്റ് എൻ ഹരി, ജില്ലാ ജനറൽ സെക്രട്ടറിമാരായ രതീഷ് വരകുമല, വി.എൻ സുരേഷ് തുടങ്ങിയവർ സംസാരിക്കുകയുണ്ടായി.