Timely news thodupuzha

logo

വേറിട്ട അനുഭവമായി കോടിക്കുളത്തെ കുട്ടികളുടെ ഹരിതസഭ

തൊടുപുഴ: മാലിന്യമുക്തം നവകേരളം ജനകീയക്യാമ്പെയിനിന്റെ ഭാഗമായി കോടിക്കുളം പഞ്ചായത്ത് നെടുമറ്റം ഗവൺമെന്റ് യു.പി. സ്‌കൂളിൽ സംഘടിപ്പിച്ച കുട്ടികളുടെ ഹരിത സഭ വേറിട്ട അനുഭവമായി.സഭ നയിച്ചതും നിയന്ത്രിച്ചതും വിദ്യാർത്ഥി പ്രതിനിധികളായിരുന്നു.സ്‌കൂൾ ലീഡർ ദേവദത്ത് സുബീഷ് അധ്യക്ഷനായി.

വിദ്യാർത്ഥി പാനലംഗങ്ങളായ മേഘ്‌ന പ്രദീപും നസ്‌റിൻ അൻസാരിയും ഹരിത സഭയുടെ ലക്ഷ്യം പ്രാധാന്യം നടപടിക്രമങ്ങൾ എന്നിവ അവതരിപ്പിച്ചു. ദേവതീർത്ഥയും ഫാത്തിമ കെ. ഫൈസലും പഞ്ചായത്തിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തി.കുട്ടികളുടെ പ്രദേശത്തെയും വിദ്യാലയത്തിലെയും മലിനീകരണ പ്രശ്‌നങ്ങൾ വിദ്യാർഥി പ്രതിനിധികൾ റിപ്പോർട്ടായി അവതരിപ്പിച്ചു.കുട്ടികളുടെ നിർദ്ദേശങ്ങളും പരാതികളും ആശങ്കകളും ജനപ്രതിനിധികൾക്ക് മുന്നിൽ ചോദ്യങ്ങളായി ഉയർന്നു.

പ്രസിഡന്റ് ടി.വി. സുരേഷ് ബാബു കുട്ടികളുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടി നൽകി.പഞ്ചായത്തിനെ മാലിന്യമുക്തമാക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് ഹരിതസഭയിൽ അറിയിച്ചു.പൂർണ്ണമായും ഹരിത ചട്ടം പാലിച്ചുനടന്ന ഹരിതസഭയിൽ പഞ്ചായത്തിലെ ഏഴ് സ്‌കൂളിൽ നിന്നായി 158 കുട്ടികൾ പങ്കെടുത്തു. പഞ്ചായത്തിലെ മാലിന്യപരിപാലനം സംബന്ധിച്ച റിപ്പോർട്ട് വൈസ് പ്രസിഡന്റ് ഹലീമാ നാസർ അവതരിപ്പിച്ചു.പഞ്ചായത്തംഗങ്ങളായ ഷേർളി ആന്റണി,ബിന്ദു പ്രസന്നൻ,ജെർലി റോബി, രമ്യ മനു, ഷൈനി സുനിൽ,ഹരിതകേരളം -ബി.ആർ. സി. പ്രതിനിധികൾ,അധ്യാപകർ,പി.ടി.എ.,എം.പി. ടി. എ.അംഗങ്ങൾ എന്നിവർ ഹരിതസഭയ്ക്ക് സാക്ഷികളായി.

Leave a Comment

Your email address will not be published. Required fields are marked *