ഇടുക്കി: ജില്ലയിലെ ഗ്രാമപഞ്ചായത്ത്, നഗരസഭ പ്രദേശങ്ങളിലെ വാർഡുകൾ പുനർവിഭജിച്ചുകൊണ്ടുള്ള കരട് വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചു. നിർദ്ദിഷ്ട വാർഡിന്റെ അതിർത്തികളും ജനസംഖ്യയും ഭൂപടവുമാണ് കരട് വിജ്ഞാപനത്തോടൊപ്പമുള്ളത്. അതത് തദ്ദേശസ്ഥാപനങ്ങളിലും കളക്ടറേറ്റിലും ജില്ലാ ഇൻഫർമേഷൻ ഓഫീസ് , www.delimitation.Isgkerala.gov.in എന്ന വെബ്സൈറ്റിലും പരിശോധനയ്ക്ക് ലഭ്യമാണ്.
പൂർത്തീകരിച്ച മാപ്പുകൾ പൊതുജനങ്ങൾക്ക് കാണുവാനും പ്രിന്റ് എടുക്കുന്നതിനും പൂർണസുരക്ഷ ഉറപ്പാക്കി എച്ച്.റ്റി.എം.എൽ ഫോർമാറ്റിലാണ് വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ളത്. ദേശീയതലത്തിലും സംസ്ഥാനതലത്തിലും അംഗീകാരമുള്ള രാഷ്ട്രീയപാർട്ടികൾക്കും കേരള നിയമസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയപാർട്ടികൾക്കും കരട് വിജ്ഞാപനത്തിന്റെ മൂന്ന് പകർപ്പുകൾ വീതം സൗജന്യമായി ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറി നൽകും. പകർപ്പ് ആവശ്യമുള്ള മറ്റുള്ളവർക്ക് പേജ് ഒന്നിന് മൂന്ന് രൂപയും ജി.എസ്.റ്റിയും ഈടാക്കി നൽകും.
2024 ഡിസംബർ 3 വരെ കരട് വിജ്ഞാപനം സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും നൽകാം. ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറിക്കോ, ജില്ലാ കളക്ടർക്ക് നേരിട്ടോ രജിസ്ട്രേർഡ് തപാലിലോ ആക്ഷേപങ്ങൾ നൽകാവുന്നതാണ്. ഡീലിമിറ്റേഷൻ കമ്മീഷൻ്റെ വിലാസം : സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ, കോർപ്പറേഷൻ ബിൽഡിംഗ് നാലാം നില, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം 695033 ഫോൺ: 0471- 2335030.
ആക്ഷേപങ്ങൾക്കൊപ്പം ഏതെങ്കിലും രേഖകൾ ഹാജരാക്കാനുണ്ടെങ്കിൽ അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും നൽകണം. ലഭിക്കുന്ന ആക്ഷേപങ്ങളും അഭിപ്രായങ്ങളും ജില്ലാ കളക്ടർ മുഖേന അന്വേഷണം നടത്തി ഡീലിമിറ്റേഷൻ കമ്മീഷൻ പരിശോധിച്ച് ആവശ്യമായ തുടർനടപടി സ്വീകരിക്കും. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യമെങ്കിൽ പരാതിക്കാരിൽ നിന്നും നേരിട്ട് വിവരശേഖരണം നടത്തും.ആവശ്യമെങ്കിൽ, പരാതിക്കാരെ നേരിൽ കേട്ട് കമ്മീഷൻ പരാതികൾ തീർപ്പാക്കും. അതിന് ശേഷം ആദ്യഘട്ട വാർഡ് പുനർവിഭജനത്തിന്റെ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും. പഞ്ചായത്തുകളുടെ നിയോജകമണ്ഡലങ്ങളുടെ എണ്ണം നിശ്ചയിച്ച് തദ്ദേശസ്വയംഭരണവകുപ്പ് റൂറൽ ഡയറക്ടറും. മുനിസിപ്പാലിറ്റിയിലെ വാർഡുകളുടെ എണ്ണം നിശ്ചയിച്ച് സർക്കാരും വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. സ്ത്രീകൾക്കും, പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുമുള്ള സംവരണ വാർഡുകളുടെ എണ്ണവും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.
ഈ വർഷം സെപ്തംബർ 24 -ന് വാർഡ് പുനർവിഭജനത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. മൂന്ന് ഘട്ടങ്ങളിലായാണ് പുനർവിഭജനപ്രക്രിയ നടക്കുന്നത്. ആദ്യഘട്ടത്തിൽ ഗ്രാമപഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ എന്നിവിടങ്ങളിലും, രണ്ടാം ഘട്ടത്തിൽ ബ്ളോക്ക് പഞ്ചായത്തുകളിലും, മൂന്നാം ഘട്ടത്തിൽ ജില്ലാ പഞ്ചായത്തുകളിലും എന്നിങ്ങനെയാണ് വാർഡ് പുനർവിഭജനം നടത്തുന്നത്.