Timely news thodupuzha

logo

മഹാരാഷ്‌ട്രയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഫഡ്നാവിസ് മടങ്ങിയെത്തിയേക്കും

മുംബൈ: ബിജെപി സഖ്യം വൻവിജയം നേടിയ മഹാരാഷ്‌ട്രയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ദേവേന്ദ്ര ഫഡ്നാവിസ് മടങ്ങിയെത്തിയേക്കും. സഖ്യകക്ഷികളായ ശിവസേനയും എൻസിപിയും ബിജെപി നേതൃത്വത്തിൻറെ നിർദേശം അംഗീകരിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

നിലവിലുള്ള സർക്കാരിൻറെ അതേ ഫോർമുലയിൽ ശിവസേനയ്ക്കും എൻസിപിക്കും ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്നു ബിജെപി വൃത്തങ്ങൾ. ഫഡ്നാവിസ് മുഖ്യമന്ത്രിയാകുമെന്നു കേന്ദ്ര മന്ത്രിയും റിപ്പബ്ലിക്കൻ പാർട്ടി നേതാവുമായ രാംദാസ് അഠാവലെ പറഞ്ഞു. എന്നാൽ, മുഖ്യമന്ത്രി സ്ഥാനത്തിൽ അന്തിമ തീരുമാനമായില്ലെന്ന് ശിവസേനയുടെ മുതിർന്ന നേതാവ് പറഞ്ഞു.

ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രിയായി തുടരുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം. കേന്ദ്രത്തിലെ എൻഡിഎയുടെ ഉറപ്പും മുംബൈ നഗരസഭയിൽക്കൂടി ഉദ്ധവ് താക്കറെ ദുർബലമാക്കുകയെന്ന ലക്ഷ്യവും പരിഗണിച്ച് ഷിൻഡെയെ തുടരാൻ അനുവദിക്കുമെന്ന പ്രതീക്ഷയുണ്ട് ശിവസേനയ്ക്ക്.

2014 – 2019ൽ മുഖ്യമന്ത്രിയായിരുന്ന ഫഡ്നാവിസ്, ശിവസേനയെ പിളർത്തിയെത്തിയ ഏക്നാഥ് ഷിൻഡെയ്ക്കു കീഴിൽ ഉപമുഖ്യമന്ത്രി സ്ഥാനം സ്വീകരിക്കുകയായിരുന്നു.

ഇതേ ശൈലിയിൽ ഫഡ്നാവിസിനു കീഴിൽ ഷിൻഡെയും ഉപമുഖ്യമന്ത്രിസ്ഥാനം സ്വീകരിക്കണമെന്ന നിർദേശം ബിജെപി നേതൃത്വം മുന്നോട്ടുവച്ചതായാണ് അറിയുന്നത്. എൻസിപിയിൽ നിന്ന് അജിത് പവാർ ഉപമുഖ്യമന്ത്രിയാകും.

ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ മകളുടെ വിവാഹ സത്കാരത്തിൽ പങ്കെടുക്കാൻ ഫഡ്നാവിസും ഷിൻഡെയും അജിത് പവാറും ഡൽഹിയിലെത്തിയിട്ടുണ്ട്.

ഇവരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവർ നടത്തുന്ന ചർച്ചയിൽ അന്തിമ പ്രഖ്യാപനമുണ്ടാകുമെന്നാണു കരുതുന്നത്. ശിവസേനയ്ക്ക് പ്രധാന വകുപ്പുകളടക്കം 12 മന്ത്രിസ്ഥാനങ്ങൾ നൽകാനും ഏകദേശ ധാരണയായി.

എൻസിപിക്ക് 10 മന്ത്രിസ്ഥാനങ്ങൾ ലഭിക്കും. മുഖ്യമന്ത്രിയുൾപ്പെടെ 21 മന്ത്രിമാരാകും ബിജെപിക്കുണ്ടാകുക. 43 അംഗങ്ങളാണു മഹാരാഷ്‌ട്ര മന്ത്രിസഭയുടെ പരിധി.

കഴിഞ്ഞ സർക്കാരിൽ ബിജെപി കൈവശം വച്ചിരുന്ന ആഭ്യന്തരം, ധനം, നഗരവികസനം, റവന്യൂ എന്നീ വകുപ്പുകളിൽ ഇത്തവണ വിട്ടുവീഴ്ചയുണ്ടായേക്കുമെന്നും റിപ്പോർട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *