കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ ഉണ്ണിമുകുന്ദന് തിരിച്ചടി. വിചാരണ സ്റ്റേ ചെയ്തുള്ള കോടതി ഉത്തരവ് ഹൈക്കോടതി തടഞ്ഞു. ഇരയുടെ പേരിൽ കള്ള സത്യവാങ് മൂലം നൽകി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചത് ഗുരുതരമായ കുറ്റമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഹൈക്കോടതി കോഴ കേസിൽ പ്രതിയായ അഡ്വ. സൈബി ജോസായിരുന്നു ഉണ്ണി മുകുന്ദനുവേണ്ടി ഹാജരായി അനുകൂല വിധി വാങ്ങിയത്.
പ്രശ്നങ്ങൾ ഒത്തുതീർപ്പായെന്നായിരുന്നു കോടതിയെ ധരിപ്പിച്ചിരുന്നത്. ഒത്തുതീർപ്പ് ഉണ്ടായില്ലെന്ന് ഇരയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കോടതിക്ക് മുന്നിൽ കള്ളക്കളി അനുവദിക്കാനാകില്ലെന്ന് പറഞ്ഞ ഹൈക്കോടതി ഇതിന് അഭിഭാഷകൻ മറുപടി പറഞ്ഞെ മതിയാവു എന്നും നിർദ്ദേശിച്ചു.
എന്നാൽ ഇന്ന് സൈബി ജോസ് കോടതിയിൽ ഹാജരായിരുന്നില്ല. മറുപടി സത്യവാങ്മൂലം നൽകാൻ ഉണ്ണി മുകുന്ദന് നിർദ്ദേശം നൽകി. എറണാകുളത്തെ ഫ്ളാറ്റിൽ സിനിമയുടെ ഭാഗമായി തിരക്കഥ ചർച്ച ചെയ്യാനെത്തിയ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നും, സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പെരുമാറിയെന്നുമാണ് കേസ്.