തുർക്കി: അതിതീവ്ര ഭൂകമ്പമുണ്ടായി 3 ദിവസം പിന്നിടുമ്പോൾ ദുരന്തവ്യാപ്തിയിൽ പകച്ച് തുർക്കിയും സിറിയയും. ദുരിതാശ്വാസ സംവിധാനങ്ങൾ ഇനിയും ആവശ്യത്തിനെത്താത്ത ദുരന്തഭൂമിയിൽ രക്ഷാഹസ്തങ്ങളെ പ്രതീക്ഷിച്ച് ആയിരങ്ങളാണ് കാത്തിരിക്കുന്നത്. തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങളിൽ ഇനിയുമെത്ര പേർ ഉണ്ടാകുമെന്നു കണക്കുകൂട്ടാൻ പോലുമാകുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇരുരാജ്യങ്ങളിലുമായി മരിച്ചവരുടെ എണ്ണം 15,000 കടന്നു. തുർക്കിയിൽ മാത്രം 12,381 പേരാണ് മരിച്ചത്. സിറിയയിൽ ഇതുവരെ 2,902 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ദുരന്തഭൂമിയിലെ തെരച്ചിലുകൾ ഇപ്പോഴും തുടരുകയാണ്. തിങ്കളാഴ്ച്ച പുലർച്ചെ ഉണ്ടായ ഭൂകമ്പത്തിൽ രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ് എന്നാൽ 3 ദിവസമായി തുടരുന്ന കനത്ത മഞ്ഞുവീഴ്ച രക്ഷാപ്രവർത്തനത്തിന് തടസമുണ്ടാക്കുന്നുണ്ട്. 25-ഓളം രാജ്യങ്ങളിൽ നിന്നുള്ള രക്ഷാപ്രവർത്തകരാണ് ദുരന്തമേഖലയിലുള്ളത്.
അതേസമയം, തുർക്കിക്ക് ദുരിതാശ്വാസ സഹായമായി കേരള സർക്കാർ 10 കോടി രൂപ ബജറ്റിൽ അനുവദിച്ചു. നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്കു നൽകുന്ന മറുപടിയിലാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഈ തീരുമാനം അറിയിച്ചത്. മരുന്നിനും മറ്റ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും കേന്ദ്ര സർക്കാരിന്റെ തീരുമാനം അനുസരിച്ചാകും തുക കൈമാറുന്നതെന്ന് മന്ത്രി. തുർക്കി- സിറിയ ഭൂകമ്പത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കുന്ന പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചു.