വാഴക്കുളം: നിയമ ബോധവൽക്കരണ രംഗത്തും സാമൂഹ്യ സേവന മേഖലയിലും നടത്തിയ പ്രവർത്തനങ്ങൾക്ക് ജോണി മെതിപ്പാറയ്ക്ക് ബ്രഹ്മകുമാരി ഈശ്വരീയ വിദ്യാലയത്തിന്റെ സാമൂഹ്യ സേവന അവാർഡ്. രാജയോഗിനി ബി.ആർ രാധാ ബഹൻജി അവാർഡ് നൽകി. നെടുമ്പാശേരി രാജയോഗ ഭവനിൽ നടന്ന സമ്മേളനം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
റിട്ടയേർഡ് ജസ്റ്റിസ് കെ.നാരായണ കുറുപ്പ്, വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ്റെ ഉപദേഷ്ടാവായ ഡോക്ടർ കെ.എൻ പണിക്കർ,ലൈഫ് കോച്ച് ഡോ.ഇ.വി സ്വാമിനാഥൻ,ബി.കെ ബ്രിജ് ഭായ്,ബി.കെ ബിരേന്ദ്ര ഭായി തുടങ്ങിയവർ പങ്കെടുത്തു.
കഴിഞ്ഞ തൊണ്ണൂറോളം വർഷമായി നൂറ്റമ്പതോളം രാജ്യങ്ങളിൽ പ്രവർത്തിക്കുന്നതും യുനെസ്കോയിൽ ഉപദേശക പദവിയും വേൾഡ് ഹെൽത്ത് ഓർഗനൈസേഷനിൽ എക്സിക്യൂട്ടീവ് അംഗവുമായ ബ്രഹ്മകുമാരി ഈശ്വരീയ വിദ്യാലയത്തിന്റെ സാമൂഹ്യ സേവന വിഭാഗം വിവിധ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്നവരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് അവാർഡ് നൽകിയത്.
രണ്ടായിരത്തി അഞ്ഞൂറിലേറെ ക്ലാസ്സുകളിലൂടെ ഒന്നര ലക്ഷത്തിലേറെ സ്കൂൾ, കോളേജ് വിദ്യാർത്ഥികളിലും മുതിർന്നവരിലും
നിയമ ബോധവൽക്കരണവും സാമൂഹ്യ സേവന പ്രവർത്തനങ്ങളും നടത്തിയ ജോണി മെതിപ്പാറ മൂവാറ്റുപുഴ ബാറിലെ മുതിർന്ന അഭിഭാഷകനാണ്.