ന്യൂഡൽഹി: കോൺഗ്രസ് എം.പി അഭിഷേക് മനു സിംഘ്വിയുടെ രാജ്യസഭയിലെ സീറ്റിൽ കറൻസി നോട്ടുകളുടെ കെട്ട് കണ്ടെത്തി. വ്യാഴാഴ്ച സഭ പിരിഞ്ഞ ശേഷം നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയതെന്ന് രാജ്യസഭാധ്യക്ഷൻ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ അറിയിച്ചു. തെലങ്കാനയിൽ നിന്നാണ് സിംഘ്വി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
222 ആണ് അദ്ദേഹത്തിൻറെ സീറ്റ് നമ്പർ. ഈ സീറ്റിൽ നിന്നാണ് പണം കണ്ടെടുത്തതെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും ധൻകർ വ്യക്തമാക്കി. അതേസമയം, അന്വേഷണത്തിലിരിക്കുന്ന വിഷയത്തിൽ കോൺഗ്രസ് എംപിയുടെ പേര് വെളിപ്പെടുത്തിയ ഉപരാഷ്ട്രപതിയുടെ നടപടിയെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചോദ്യം ചെയ്തു.
ഇങ്ങനെയൊരു സംഭവത്തെക്കുറിച്ച് ആദ്യമായാണ് കേൾക്കുന്നതെന്ന് സിംഘ്വിയുടെ പ്രതികരണം. ദിവസവും അഞ്ഞൂറ് രൂപ മാത്രമാണ് താൻ രാജ്യസഭയിലേക്ക് പോകുമ്പോൾ കൊണ്ടുപോകാറുള്ളതെന്നും അദ്ദേഹം അവകാശപ്പെട്ടു. രാജ്യസഭയുടെ അന്തസിന് അപമാനമാണ് നോട്ട് കെട്ട് സഭയിൽ കൊണ്ടുവന്ന സംഭവമെന്ന് ബി.ജെ.പി അധ്യക്ഷൻ ജെ.പി നഡ്ഡ.