Timely news thodupuzha

logo

മെഡിക്കൽ ബിരുദം നൽകി വ്യാജ ഡോക്ടർമാരെ സൃഷ്ടിച്ചു; ഗുജറാത്തിൽ തട്ടിപ്പ് സംഘം പിടിയിൽ

അഹമ്മദാബാദ്: വെറും 70,000 രൂപയ്ക്ക് മെഡിക്കൽ ബിരുദം നൽകിയിരുന്ന സംഘം ഗുജറാത്തിൽ പിടിയിൽ. ഇതുവരെ 1200 സർട്ടിഫിക്കറ്റുകളാണ് ഇവർ നിർമിച്ച് നൽകിയത്.

ഇവരിൽ നിന്ന് സർട്ടിഫിക്കറ്റ് സ്വന്തമാക്കിയ 14 വ്യാജ ഡോക്റ്റർമാരെ പൊലീസ് അറസ്റ്റ് ചെയ്തു. എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ളവർക്കു പോലും സംഘം സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്.

ഗുജറാത്ത് ഇലക്‌ട്രോ ഹോമിയാപ്പോതി മെഡിസിൻ ബോർഡിൻറെ പേരിലാണ് സർട്ടിഫിക്കറ്റ് നൽകിയിരുന്നത്. നിരവധി അപേക്ഷകളും സർട്ടിഫിക്കറ്റുകളും വ്യാജ സീറുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. വ്യാജ സർട്ടിഫിക്കറ്റോട് കൂടിയ മൂന്നു പേർ അലോപ്പതി പ്രാക്റ്റീസ് ചെയ്യുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസും റവന്യു വിഭാഗവും പരിശോധന നടത്തിയയത്.

ഇവരെ ചോദ്യം ചെയ്തതോടെയാണ് വലിയ തട്ടിപ്പു പുറത്തു വന്നത്. ഡോ. രമേഷ് ഗുജറാത്തിയാണ് കേസിലെ പ്രധാന പ്രതി. ഇലക്‌ട്രോ ഹോമിയോപ്പതിക് മെഡിസിനിൽ ഗുജറാത്ത് സർക്കാർ സർട്ടിഫിക്കറ്റ് നൽകുന്നില്ല.

ഇലക്‌ട്രോ ഹോമിയോപ്പതിയിൽ ഇന്ത്യയിൽ യാതൊരു വിധ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടില്ല. ഇതു മനസിലാക്കിയാണ് രമേഷ് ഇത്തരത്തിൽ ഒരു തട്ടിപ്പ് ആസൂത്രണം ചെയ്തത്. അഞ്ച് പേർക്ക് ഇലക്‌ട്രോ ഹോമിയോപ്പതിയിൽ പരിശീലനം നൽകുകയായിരുന്നു ആദ്യം ചെയ്തത്.

മൂന്ന് വർഷത്തിന് ശേഷം ഇവർക്കു സർട്ടിഫിക്കറ്റ് നൽകി. പിന്നീട് ഇവരാണ് കോഴ്സിനോട് താത്പര്യമുള്ളവരെ രമേഷുമായി ബന്ധിപ്പിച്ചത്. ഗുജറാത്ത് ആയുഷ് മന്ത്രാലയം നൽകുന്ന ഡിഗ്രിയാണെന്നാണ് ഇവർ അവകാശപ്പെട്ടിരുന്നത്.

70,000 രൂപ നൽകി കോഴ്സ് പൂർത്തിയാക്കിയാൽ അലോപ്പതി, ഹോമിയോപ്പതി എന്നിവയിൽ പ്രാക്റ്റീസ് ചെയ്യാമെന്നായിരുന്നു വിശ്വസിപ്പിച്ചിരുന്നത്. ഓരോ വർഷവും കഴിയുമ്പോൾ 5000 മുതൽ 15000 രൂപ വരെ നൽകി സർട്ടിഫിക്കറ്റ് പുതുക്കണമെന്നും സംഘം വിശ്വസിപ്പിച്ചിരുന്നതായി പൊലീസ് പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *