തിരുവനന്തപുരം: ഇടുക്കി ഗവ. മെഡിക്കൽ കോളേജിലെ ഇന്റെർണൽ റോഡുകളുടെ നിർമ്മാണത്തിനായി 16.10 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. 2014ൽ എം.ബി.ബി.എസ് ആദ്യ ബാച്ച് പ്രവേശനം നടന്നിരുന്നു എങ്കിലും കോളേജിന് ആവശ്യമായ പാർപ്പിട സൗകര്യങ്ങളുടെയും ഇന്റെർണൽ റോഡുകളുടെയും അഭാവം ഉൾപ്പെടെ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ തുടർ വർഷങ്ങളിൽ റിപ്പോർട്ട് ചെയ്യുകയും താത്കാലികമായ തുടർ പ്രവേശന അനുമതി നിഷേധിക്കുകയും ചെയ്തിരുന്നു.
പുതുതായി ഐ.പി, ഒ.പി ബ്ലോക്കുകൾ,വിവിധ ഡിപ്പാർട്ടുമെന്റുകൾക്ക് ആവശ്യമായ ലാബുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഓപ്പറേഷൻ തിയേറ്റർ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, അക്കാദമിക് ബ്ലോക്ക് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുകയും തുടർ പ്രവേശനം സാധ്യമാക്കുകയും ചെയ്തു.
ഇതോടെ ആശുപത്രി സമുച്ചയവും വിവിധ ബ്ലോക്കുകളും ലാബുകളും ഹോസ്റ്റലുകളും തമ്മിൽ ബന്ധിപ്പിച്ച് റോഡുകൾ നിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി ഗാബിയോൺ രീതിയിൽ ഉൾപ്പെടെയുള്ള സംരക്ഷണ ഭിത്തികൾ നിർമ്മിച്ച് റോഡുകൾ ആധുനിക രീതിയിൽ പുനർ നിർമ്മിക്കും.
ആശുപത്രിയിൽ എത്തി ചേരുന്ന രോഗികൾക്കും വിദ്യാർത്ഥികൾക്കും യാത്ര സൗകര്യം ഒരുക്കുന്നതിന് ഒപ്പം കെട്ടിടങ്ങൾക്ക് സുരക്ഷാ ഉറപ്പാക്കുന്നതിന് ആവശ്യമായ സംരക്ഷണ ഭിത്തികൾ കൂടി ഇതിന്റെ ഭാഗമായി നിർമ്മിക്കും. ആരോഗ്യ – കുടുംബക്ഷേമ വകുപ്പ് മുഖേന എസ്റ്റിമേറ്റ് തയാറാക്കി നൽകിയിരുന്നു കഴിഞ്ഞ മന്ത്രി സഭ യോഗം പദ്ധതികൾ അംഗീകരിച്ച് ഉത്തരവായിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.