പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയും പെൺകുട്ടിയെ വിവാഹം കഴിച്ച യുവാവും അറസ്റ്റിൽ. ഏനാത്ത് കടമ്പനാട് വടക്ക് കാട്ടത്താംവിള പുളിവിളയിൽ വീട്ടിൽ ആദിത്യൻ (21), പെൺകുട്ടിയുടെ അമ്മ എന്നിവരാണ് അറസ്റ്റിലായത്.
ഇവർ കേസിലെ ഒന്നും രണ്ടും പ്രതികളാണ്. യുവാവിന്റെ അച്ഛനും അമ്മയുമാണ് മൂന്നും നാലും പ്രതികൾ. രണ്ട് വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു പെൺകുട്ടിയുടെ അമ്മ ആദിത്യന് മകളെ വിവാഹം കഴിച്ച് നൽകിയത്.
തുടർന്ന് ഗർഭിണിയായതോടെ പെൺകുട്ടിയുമായി യുവാവും കുടുംബവും വയനാട്ടിലേക്ക് പോയി. അവിടെ ഗവൺമെൻറ് ആശുപത്രിയിലായിരുന്നു പെൺകുട്ടിയുടെ പ്രസവം.
പിന്നാലെ ആദിത്യൻ പെൺകുട്ടിയുമായി പിരുഞ്ഞു. ഇതോടെ പെൺകുട്ടിയുടെ സഹോദരനാണ് ചൈൽഡ് ലൈനിൽ കേസ് കൊടുത്തത്. ബലാത്സംഗത്തിനും പോക്സോ നിയമപ്രകാരവും ബാല വിവാഹ നിരോധന നിയമ പ്രകാരവുമാണ് പൊലീസ് കേസെടുത്തത്.
നിയമാനുസൃതമല്ലാത്ത വിവാഹത്തിന് കൂട്ടുനിൽക്കുകയും രക്ഷാകർതൃത്വത്തിൽ നിന്ന് മനഃപുർവം ഒഴിവാകണമെന്നുമുള്ള ഉദ്ദേശ്യത്തോടെ പെൺകുട്ടിയെ യുവാവിനൊപ്പം അയച്ചതിനുമാണ് അമ്മയ്ക്കെതിരെ കേസ്.