തിരുവനന്തപുരം: പോത്തൻകോട് വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. പോത്തൻകോട് സ്വദേശി തൗഫിക് എന്നയാളാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ഇയാൾക്കെതിരെ കവർച്ചാ, പോക്സോ കേസുകൾ അടക്കം ഉണ്ടെന്ന് പൊലീസ് അറിയിച്ചു. കൊയ്ത്തൂർകോണം സ്വദേശി മണികണ്ഠ ഭവനിൽ തങ്കമണിയാണ്(65) മരിച്ചത്. രാവിലെ വീടിനോട് ചേർന്നുള്ള പുരയിടത്തിലാണ് തങ്കമണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇവരുടെ മുഖത്ത് മുറിവേറ്റ പാടുകളുണ്ട്. ബ്ലൗസ് കീറിയ നിലയിലും ഉടുത്തിരുന്ന ലുങ്കി ശരീരത്തിൽ മൂടിയ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ പൂ പറിക്കാൻ പോയിരുന്നു തങ്കമണിയെന്നാണ് നിഗമനം. മൃതദേഹത്തിന് സമീപത്ത് ചെമ്പരത്തി അടക്കം പൂക്കൾ കിടപ്പുണ്ട്.
തങ്കമണിയുടെ കാതിലുണ്ടായിരുന്ന കമ്മൽ നഷ്‌ടപ്പെട്ടിരുന്നു. ഇതെല്ലാമാണ് മരണം കൊലുപാതകമാണെന്ന് നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചത്.