Timely news thodupuzha

logo

കാസർഗോഡ് 15 വയസുകാരിയും യുവാവും ആത്മഹത്യ ചെയ്ത സംഭവം; പൊലീസിനെതിരെ ഹൈക്കോടതിയുടെ വിമർശനം

കാസർഗോഡ്: പൈവളിഗെയിൽ 15 വയസുകാരിയുടെ മരണത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഒരു വി.ഐ.പിയുടെ മകളായിരുന്നെങ്കിൽ പൊലീസ് അന്വേഷണം ഇത്രയധികം വൈകിപ്പിക്കുമായിരുന്നോ എന്നും കോടതി ചോദിച്ചു.

പെൺകുട്ടിയുടെ അമ്മ നൽകിയ ഹേബിയസ് കോർപസ് ഹർജിയിലാണ് കോടതിയുടെ വിമർശനം. ജസ്റ്റീസ് ദേവൻരാമചന്ദ്രൻ ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഞായറാഴ്ചയാണ് കാണാതായ പെൺകുട്ടിയുടേയും അയൽവാസിയുടേയും മൃതദേഹങ്ങൾ കണ്ടെത്തുന്നത്.

15 കാരിയെ കാണാതായി 26 ദിവസങ്ങൾക്കു ശേഷം മാത്രം കണ്ടെത്തിയതോടെയാണ് ഹൈക്കോടതി സംസ്ഥാന പൊലീസിനെ രൂക്ഷമായി വിമർശിച്ചത്. സംഭവത്തിൽ പൊലീസിനോട് ഹൈക്കോടതി വിശദീകരണം തേടിയിരിക്കുകയാണ്.

അന്വേഷണ ഉദ്യോഗസ്ഥൻ കേസ് ഡയറിയുമായി ചൊവ്വാഴ്ച ഹൈക്കോടതിയിൽ ഹാജരാകാനാണ് നിർദേശം. കാണാതായി ആഴ്ചകൾ കഴിഞ്ഞിട്ടും പൊലീസ് എന്താണ് അന്വേഷിച്ചതെന്ന് ചോദിച്ച കോടതി, ഒരു വിവിഐപിയുടെ മകളെയാണ് കാണാതായിരുന്നതെങ്കിൽ പൊലീസ് ഇങ്ങനെയാകുമോ പ്രവർത്തിക്കുകയെന്നും ചോദിച്ചു.

നിയമത്തിന് മുന്നിൽ വിഐപികളും തെരുവിൽ താമസിക്കുന്നവരും തുല്യരാണെന്നും കോടതി ഓർമ്മിപ്പിച്ചു. അതേസമയം, സംഭവം ആത്മഹത്യ തന്നെയാണെന്നാണും മൃതദേഹങ്ങൾക്ക് മൂന്നാഴ്ച പഴക്കമുണ്ടെന്നുമാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞിരിക്കുന്നത്.

ആന്തരികാവയവങ്ങൾ വിദഗ്ധ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേയ്ക്ക് അയച്ചിരിക്കുകയാണ്. അന്തിമ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഒരാഴ്ചയ്ക്കകം ലഭിക്കുമെന്നാണ് വിവരം.

Leave a Comment

Your email address will not be published. Required fields are marked *