ഇടുക്കി: ചക്കുപള്ളം പതിനൊന്നാം വാർഡിലെ തോടിന്റെ സംരക്ഷണഭിത്തിയുടെ നിർമ്മാണം നാല് മാസത്തിനകം പൂർത്തിയാക്കി നടപടി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി.
തോടിന്റെ സംരക്ഷണഭിത്തി നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് നടപടി. ഭിത്തി നിർമ്മാണത്തിന് ഒരു വർഷം മുമ്പ് ടെണ്ടർ എടുത്തെങ്കിലും പ്രാരംഭ നിർമ്മാണത്തിന് ശേഷം കരാറുകാരൻ നിർമ്മാണം നിർത്തിയെന്ന് പരാതിയിൽ പറയുന്നു. ഭിത്തി നിർമ്മിക്കാനായി നാട്ടിയ കമ്പികൾ അപകട ഭീഷണി ഉയർത്തുന്നുവെന്നും മഴ പെയ്ത് തോട്ടിൽ വെള്ളം നിറഞ്ഞാൽ സംരക്ഷണ ഭിത്തിയില്ലാത്തത് അപകടമുണ്ടാക്കുമെന്നും പരാതിക്കാരൻ അറിയിച്ചു.
മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എഞ്ചിനീയർ സമർപ്പിച്ച റിപ്പോർട്ടിൽ ഭിത്തി നിർമ്മാണം മൈനർ ഇറിഗേഷൻ വകുപ്പാണ് നടപ്പാക്കുന്നതെന്നും 5,00,000 രൂപ വകയിരുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 70 ശതമാനത്തോളം നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. മഴ ശക്തമായതിനെ തുടർന്ന് പണി താൽക്കാലികമായി നിർത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. മൈനർ ഇറിഗേഷൻ വകുപ്പും സമാനമായ റിപ്പോർട്ട് സമർപ്പിച്ചു. മനുഷ്യാവകാശ പ്രവർത്തകനായ ഡോ .ഗിന്നസ് മാടസാമി സമർപ്പിച്ച പരാതിയിലാണ് നടപടി.