പത്തനംതിട്ട: ക്ഷേത്രത്തിൻറെ മാതൃകയിൽ രൂപ മാറ്റം വരുത്തിയ ഓട്ടോ റിക്ഷ പിടിച്ചെടുത്ത് എം.വി.ഡി. ശബരിമല തീർഥാടകർ വന്ന ഓട്ടോറിക്ഷ ഇലവുങ്കൽ വച്ചാണ് എം.വി.ഡി പിടിച്ചെടുത്തത്.
കൊല്ലം സ്വദേശികളായ ശബരിമല തീർഥാടകരായിരുന്നു ഓട്ടോയിലുണ്ടായിരുന്നത്. ശ്രീകോവിലിൻറെയും പതിനെട്ടാം പടിയുടെയും മാതൃക ഓട്ടോറിക്ഷയിൽ കെട്ടിവച്ചിരുന്നു. ഓട്ടോറിക്ഷയുടെ വലിപ്പവും കവിഞ്ഞ് വശങ്ങളിലേക്ക് തള്ളി നിൽക്കുന്ന തരത്തിലായിരുന്നു അലങ്കാരം.
ഓട്ടോറിക്ഷ ഉടമയ്ക്ക് 5000 രൂപ പിഴ ചുമത്തിയതായി ഉദ‍്യോഗസ്ഥർ അറിയിച്ചു. ഇത്തരത്തിൽ രൂപമാറ്റം വരുത്തുന്ന വാഹനങ്ങൾക്കെതിരേ നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പിന് ഹൈക്കോടതി നേരത്തെ നിർദേശം നൽകിയിരുന്നു.