വാഷിങ്ടൺ: യു.എസിന്‍റെ മുൻ പ്രസിഡന്‍റ് ജിമ്മി കാർട്ടർ അന്തരിച്ചു. നൂറ് വയസായിരുന്നു അദ്ദേഹത്തിന്. പാംസിലെ വീട്ടിലായിരുന്നു അന്ത്യമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. യു.എസിന്‍റെ മുപ്പത്തൊമ്പതാമത്തെ പ്രസിഡന്‍റായിരുന്ന അദ്ദേഹം പിന്നീട് ഏഴ് യു.എസ് പ്രസിഡന്‍റുമാരുടെ സ്ഥാനാരോഹണത്തിനു സാക്ഷിയായി.
ഏറ്റവും കൂടുതൽ കാലം ജീവിച്ച യു.എസ് പ്രസിഡന്റെന്ന വിശേഷണത്തിനും അർഹനാണ് ഈ ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധി. ഇന്ത്യയോട് ഏറ്റവും അടുത്ത സൗഹൃദം പുലർത്തിയ യു.എസ് പ്രസിഡന്‍റുമാരിൽ ഒരാളായ കാർട്ടറോടുള്ള ആദരസൂചകമായി ഹരിയാനയിലെ ഒരു ഗ്രാമത്തിന് കാർട്ടർപുരി എന്ന പേര് പോലും നൽകിയിരുന്നു.
അടിയന്തരാവസ്ഥക്കാലം കഴിഞ്ഞ് ജനതാ പാർട്ടി അധികാരത്തിലേറിയ ശേഷം ഇന്ത്യ സന്ദർശിച്ച ആദ്യ യുഎസ് പ്രസിഡന്‍റാണ് അദ്ദേഹം. അന്ന് ഇന്ത്യൻ പാർലമെന്‍റിൽ നടത്തിയ പ്രസംഗത്തിൽ, ഏകാധിപത്യത്തിനെതിരേ ശക്തമായ നിലപാടുകൾ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.