കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ ഗ്യാലറിയിൽ വീണ് ഗുരുതരമായി പരുക്കേറ്റ ഉമ തോമസ് എം.എൽ.എയുടെ ആരോഗ്യനില മെച്ചപ്പെട്ടു. പാലാരിവട്ടം റിനൈ മെഡിസിറ്റിയിലാണ് എം.എൽ.എ ചികിത്സയിൽ കഴിയുന്നത്. ലോക റെക്കോഡ് ലക്ഷ്യമിട്ട് മൃദംഗ മിഷൻ സംഘടിപ്പിച്ച മെഗാ ഭരതനാട്യം പരിപാടിക്കെത്തിയപ്പോഴാണ് ഉമ തോമസ് പതിനാലടി ഉയരത്തിൽ നിന്ന് താഴെ വീണ് കോൺക്രീറ്റ് സ്ലാബിൽ തലയിടിച്ച് പരുക്കേറ്റത്.
സ്റ്റേജ് നിർമാണത്തിലെ അപാകതയാണ് അപകടത്തിനു കാരണമെന്ന് പ്രാഥമിക നിഗമനം. തിങ്കളാഴ്ച രാവിലെ പരിപാടിയുടെ സംഘാടകർക്കും സ്റ്റേജ് നിർമിച്ചവർക്കുമെതിരേ പാലാരിവട്ടം പൊലീസ് എഫ്ഐആർ തയാറാക്കിയിട്ടുണ്ട്. വ്യക്തികളുടെ പേരുകൾ എഫ്ഐആറിൽ ഇല്ല.
ജീവന് ഭീഷണിയാകുന്ന വിധത്തിൽ സ്റ്റേജ് നിർമിച്ചെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. പൊതുസുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ച വരുത്തിയതിനും കേസെടുത്തിട്ടുണ്ട്. താത്കാലികമായി നിർമിച്ച സ്റ്റേജിനു മുന്നിലൂടെ നടന്നു പോകാൻ മതിയായ വഴിയുണ്ടായിരുന്നില്ല. സുരക്ഷാവേലിയും സ്ഥാപിച്ചിരുന്നില്ല. റിബൺ കണ്ട് ബലമുള്ളതാണെന്നു കരുതി പിടിച്ചതാണ് എംഎൽഎ വീഴാൻ കാരണമായതെന്നാണ് സംഘാടകരുടെ വാദം.